India

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്.

സിആർപിഫ്, സിആർജി (ജില്ലാ റിസർവ് ഗാർഡ്) എന്നിവർ ഉള്‍പ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മാവോയിസ്റ്റുകളു​ണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ജില്ല റിസർവ് ഗാർഡും കേന്ദ്ര റിസർവ് പൊലീസ് സേനയും (സി.ആർ.പി.എഫ്) സംയുക്തമായി പരിശോധനക്കെത്തിയത്. വെടിവെപ്പ് ദീർഘനേരം നീണ്ടു നിന്നു. ഇതിനുശേഷമാണ് യൂനിഫോം ധരിച്ച ഒമ്പത് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഐ.ജി. കൂട്ടിച്ചേർത്തു.

നിരവധി ആയുധങ്ങളും സെല്‍ഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇതോടെ ഛത്തീസ്ഗഢിൽ ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 154 ആയി. ബസ്തർ മേഖലയിൽ ദന്തേവാഡ, ബിജാപുർ ഉൾപ്പെടെ ഏഴു ജില്ലകളാണുള്ളത്. അതേസമയം, ബിജാപുർ ജില്ലയി​ൽ രണ്ടു ദിവസത്തിനിടെ 13 നക്സലൈറ്റുകളെ സംയുക്ത ദൗത്യസേന അറസ്റ്റ്ചെയ്തു.