ലണ്ടന്‍: ബ്രിട്ടൻ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകള്‍ സസ്പെൻഡ് ചെയ്തു. 350 ലൈസൻസുകളില്‍ 30 എണ്ണമാണ് സസ്പെൻഡ് ചെയ്തത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പറഞ്ഞു.
ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും യുകെ വിദേശകാര്യ മന്ത്രി പറഞ്ഞു. സുരക്ഷയ്ക്കായി ഇസ്രയേലിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. പക്ഷേ ഇസ്രയേല്‍ അവലംബിക്കുന്ന രീതികളെ കുറിച്ചും സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നതിനെ കുറിച്ചുമുള്ള റിപ്പോർട്ടുകളില്‍ ആശങ്കയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി പാർലമെന്‍റില്‍ പറഞ്ഞു.
ജൂലൈയില്‍ തെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ബ്രിട്ടന്‍റെ സഖ്യകക്ഷിയായ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇസ്രായേലിന് ലഭിക്കുന്ന ബ്രിട്ടന്‍റെ ആയുധ കയറ്റുമതി മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ ഇസ്രയേലിന്‍റെ സുരക്ഷയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു, സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്‍റെ അവകാശത്തെ ബ്രിട്ടൻ തുടർന്നും പിന്തുണയ്ക്കുമെന്നും അറിയിച്ചു.