ഇസ്താംബൂൾ: തുർക്കിയിൽ ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കി സുരക്ഷാ സേനയുടെ പിടിയിൽ. കൊസോവോ പൗരൻ ലിറിഡൺ റെക്‌ഷെപിയെയാണ് തുർക്കി സേന അറസ്റ്റ് ചെയ്തത്.
ഡ്രോണുകൾ വഴി റെക്കോർഡിങ്ങിലൂടെ ഉൾപ്പെടെ ഫലസ്തീൻ നേതാക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്ന തുർക്കിയിലെ ഇസ്രായേലിൻ്റെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് ഇയാൾ പണം കൈമാറിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വെസ്റ്റേൺ യൂണിയൻ വഴി തുർക്കിയിലെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് റെക്‌ഷെപി നിരവധി തവണ പണം കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു തുർക്കി രഹസ്യാന്വേഷണ ഏജൻസി. തുടർന്ന്, ആഗസ്റ്റ് 30ന് ഇസ്താംബൂൾ പൊലീസാണ് റെക്‌ഷെപിയെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്പണിക്കായി താൻ പണം കൈമാറിയിരുന്ന കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ഇസ്താംബൂൾ കോടതി ജയിലിലേക്കയച്ചു.
അതേസമയം, ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ബന്ദ്. ലക്ഷക്കണക്കിന് ഇസ്രായേലികളാണ് ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട്പ്രധാനമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും ബന്ദിന് ആഹ്വാനം ചെയ്തത്.
പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും വിമാനത്താവളമടക്കം ഇസ്രായേല്‍ പൂർണമായും സ്തംഭിച്ചു. അതേസമയം സമരം, രാജ്യത്തിന് നാണക്കേടാണെന്നും ഹമാസ് നേതാവ് യഹിയ സിൻവാറിന് പിന്തുണ നല്‍കുന്നതിന് തുല്യമാണെന്നും നെതന്യാഹു ആരോപിച്ചു.