തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന് നിവിൻ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.
ശ്രേയയുടെ സാനിധ്യത്തിൽ മറ്റ് അഞ്ച് പ്രതികൾ ബലാത്സംഗം ചെയ്തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നൽകിയത്. ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354), 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.
അതേസമയം യുവതി ഒരുമാസം മുൻപ് ഊന്നുകൽ പോലീസിന് നൽകിയ ആദ്യപരാതിയിൽ പീഡന ആരോപണമില്ലായിരുന്നു. നിവിൻ പോളി ഉൾപ്പെടെയുള്ളവർ മർദിച്ചു എന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇതിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു പോലീസ് അന്ന് റിപ്പോർട്ട് ചെയ്തത്.