മൂന്നായി മടക്കി വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ വാവെയ് അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ബ്രാന്‍ഡാണ് വാവെയ്. രണ്ട് തവണ മടക്കാനാവുന്ന തരത്തില്‍ മൂന്ന് സ്‌ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക. ഫോണിന്റെ കനത്തില്‍ മുന്‍ മേഡലുകളേക്കാള്‍ വ്യത്യാസം ഉണ്ടാകുമെന്നാണ് സൂചനകള്‍.
സെപ്റ്റംബര്‍ 10ന് നടക്കുന്ന വാവെയ് ഇവന്റില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലിന്റെ അവതരണമുണ്ടാകും എന്നാണ് ഏവരും കരുതുന്നത്. ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബര്‍ 10ന് ഇവന്റ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്. വാവെയ്യുടെ ഏറ്റവും പുതിയ ഉല്‍പന്നം വരുന്നു എന്നാണ് കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍ ഏത് മോഡല്‍ ഫോണാണ് പുറത്തിറക്കുന്നത് എന്ന് വാവെയ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രാത്രി എട്ട് മണിക്കാണ് പരിപാടി തുടങ്ങുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നത്. വരാനിരിക്കുന്ന ഐഫോണ്‍ 16 സിരീസിന് വാവെയ്യുടെ ട്രൈ-ഫോള്‍ഡ് ഭീഷണിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഐഫോണ്‍ 16 സിരീസിന്റെ ലോഞ്ച് സെപ്റ്റംബര്‍ ഒന്‍പതിനാണ് നടക്കുന്നത്.
STORY HIGHLIGHTS: world’s first tri fold foldable phone