India

യു.പിയിൽ ക്ഷേത്രത്തിന് സമീപം ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഹാപൂരിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ട് തവണയാണ് ഇയാൾ പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയത്.

നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇയാൾ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നിരുന്നു. ആഗസ്റ്റ് 26ന് നടന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പ്രസാദം നൽകി വശീകരിച്ച ശേഷം പീ‍ഡിപ്പിച്ചത്.

പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേർന്ന് പൂജാരിയെ മർദിച്ചു. നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാൾ നാട്ടുകാരോട് മാപ്പ് പറയുന്നതും കാണാം.

മാതാപിതാക്കളുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.