ഇടുക്കി: തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി. നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി ഒരു സ്വകാര്യ വാര്ത്തചാനലിനോട് പ്രതികരിച്ചു.
ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് ഇവരെ പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. റൂമിൽ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉയർന്നതായും യുവതി പറയുന്നു.
നടൻ നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്തവർ ചെയ്തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു.
പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നൽകിയതാണെന്നും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടർന്നാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വാര്ത്താസമ്മേളനത്തില് പറഞ്ഞു.