കൊച്ചി: ബലാൽസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി 13 നു പരിഗണിക്കാൻ മാറ്റി.
2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. നടിയുടെ ആരോപണം കരുതിക്കൂട്ടിള്ളതാണെന്നും ഇത്തരമൊരു ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും സിദ്ദിഖ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ രഞ്ജിത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും 15 വർഷം മുൻപ് നടന്നെന്ന് ആരോപിക്കുന്ന സംഭവത്തിൽ ഇപ്പോൾ നൽകിയ പരാതി ദുരുദ്ദേശ്യപരമാണെന്നും രഞ്ജിത് ആരോപിച്ചു.
സംഭവം നടന്ന ദിവസം നിർമാതാവ്, അസോഷ്യേറ്റ് ഡയറക്ടർ എന്നിവർ ഉൾപ്പെടെ 4 പേർ ഫ്ലാറ്റിലുണ്ടായിരുന്നു. അസോഷ്യേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനാണ് നടിയുമായി ചർച്ച നടത്തിയത്. എന്നാൽ നടിയുമായി ചർച്ച നടത്തിയത്. എന്നാൽ നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യങ്ങൾ മറച്ചുവച്ചതു ദുരുദ്ദേശ്യത്തോടെയാണ്. അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെ തുടർന്നുള്ള നിരാശയും വിദ്വേഷവുമാണു പരാതിക്കു കാരണം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായതിനാൽ മെഡിക്കൽ പരിചരണം ആവശ്യമുണ്ടെന്നും ഹർജിയിൽ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഹർജി പ്രസക്തമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി.അരുൺ തുടർ നടപടി അവസാനിപ്പിച്ചത്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കാൻ മാറ്റി. കൂടുതൽ വാദം നടത്താനുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ഹാജരാകുമെന്നും ഹർജിക്കാരൻ അറിയിച്ചു.