Travel

ആകാശം മലനിരകളെ ചുംബിക്കുന്നത് കണ്ടിട്ടുണ്ടോ? അരുവികളും മലകളും താണ്ടി വേണം അവിടെ എത്താന്‍

കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്

വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളെയാണ് ബ്രഹ്‌മഗിരി മലനിരകള്‍ എന്ന് പറയപ്പെടുന്നത്. സമൃദ്ധമായ പ്രകൃതി കൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം. ഈ കുന്നുകള്‍ അറിയപ്പെടുന്നത് പുരാണങ്ങളിലെ സൃഷ്ടാവായ ബ്രഹ്‌മാവിന്റെ പേരിലാണ്. അദ്ദേഹം ഈ ശ്രേണിക്ക് തറക്കിലിട്ടതായി പറയപ്പെടുന്നു. ബ്രഹ്‌മഗിരി മലനിരകളിലേക്കുള്ള ട്രക്കിങ്ങും വളരെ പ്രസിദ്ധമാണ്. മൂടല്‍മഞ്ഞള്‍ക്കിടയിലൂടെ അരുവികളും മലകളും താണ്ടി കുന്നിന്‍ മുകളില്‍ എത്തുമ്പോള്‍ ആകാശം മലനിരകളെ ചുംബിക്കുന്നത് പോലെ തോന്നാം.ഏകദേശം 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്‌മഗിരിയുടെ മുകളില്‍ എത്താന്‍ 3 മണിക്കൂറിലധികം തീവ്രമായ ട്രെക്കിംഗ് വേണ്ടിവരും.തിരുനെല്ലിയിലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാമ്പ് ഷെഡില്‍ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് 10 കിലോമീറ്റര്‍ നടത്തമാണ്. ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം മണ്‍സൂണിന് ശേഷമുള്ള ദിവസങ്ങളാണ്. ബ്രഹ്‌മഗിരി കുന്നുകളുടെ ഹൃദയഭാഗത്താണ് ബ്രഹ്‌മഗിരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇത് ജൈവവൈവിധ്യ പ്രേമികളുടെയും പ്രകൃതി സ്നേഹികളുടെയും സങ്കേതമാണ്.
1740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പുരാതനകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇരുപ്പു വെള്ളച്ചാട്ടം അഥാവ ലക്ഷ്മണ തീര്‍ഥ നദി, ബ്രഹ്‌മഗിരിയുടെ കര്‍ണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ്.

ബ്രഹ്‌മഗിരി കുന്നിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് തിരുനെല്ലി ക്ഷേത്രം. വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന പുരാതനവും പവിത്രവുമായ ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്‌മഗിരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പച്ചപ്പാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനെല്ലിയിലെത്താം. ബ്രഹ്‌മാവാണ് ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.പരിചയസമ്പന്നനായ ഒരു ഗൈഡിനൊപ്പം ഇവിടേക്ക് ട്രെക്കിംഗിന് പോകുന്നതാണ് നല്ലത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതുക, ഉചിതമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക, പ്രാദേശിക നിയമങ്ങളെയും ആചാരങ്ങളെയും മാനിക്കുക എന്നിങ്ങനെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതാണ് ഉചിതം. കേരളത്തില്‍ നിന്ന് ബ്രഹ്‌മഗിരി ട്രെക്കിംഗിനുള്ള അനുമതി തിരുനെല്ലി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ നിന്ന് വാങ്ങാന്‍ സാധിക്കും.

Story Highlights: Brahmagiri Hills, Wayanad