പല തെറ്റായ ധാരണകൾക്കും വഴിയൊരുക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. അതിനുള്ള പ്രധാന കാരണം എന്താണ് സോറിയാസിസ് എന്ന അറിവില്ലായ്മ തന്നെയാണ്. ലോകജനസംഖ്യയിൽ നല്ലൊരു ശതമാനത്തെയും ബാധിച്ചുകാണുന്ന തികച്ചും സാധാരണമായ ഒരു രോഗമാണ് സോറിയാസിസ്. ചിലരിൽ പാരമ്പര്യമായും ഈ രോഗം കണ്ടുവരുന്നു.
ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു ക്രോണിക് ഇൻഫ്ലമേറ്ററി രോഗമാണിത്.
ത്വക്കിൽ പലരീതിയിൽ വരുന്ന ഈ രോഗത്തെ പൂർണമായി ശമിപ്പിക്കുന്ന വ്യക്തമായ ചികിത്സ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. തലയിൽ താരൻ പോലെ തുടങ്ങി ശരീരമാസകലം ചിതമ്പൽ പോലെ തൊലി ഇളകി പോവുക, ചൊറിച്ചിൽ, ചൊറിയുമ്പോൾ കടും ചുവപ്പുനിറം ആകുക എന്നിവയെല്ലാം സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. വെളുത്ത ചിതമ്പലും ചുവന്ന തടിപ്പുമാണ് ഇതിന്റെ മുഖ്യ ലക്ഷണം. ചിലപ്പോൾ പഴുത്ത കുരുക്കളും കാണാം.
സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. പകർച്ചവ്യാധിയാണ് എന്ന തെറ്റിദ്ധാരണയാണ് പലരിലും രോഗത്തെക്കുറിച്ചുള്ള പിരിമുറുക്കത്തിന് കാരണമാകുന്നത്. അതുപോലെ തന്നെ സോറിയാസിസിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല, പക്ഷേ നമ്മുടെ രോഗപ്രതിരോധ സംവിധാനവും ജനിതക ഘടകങ്ങളും ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എങ്കിലും പാരമ്പര്യം, കാലാവസ്ഥ, ശരീരത്തിലെ അണുബാധ, ഭക്ഷണശൈലി, പുകവലി, മദ്യപാനം, എന്നിവയെല്ലാം സോറിയാസിസിന് കാരണമായേക്കാം. ചിലപ്പോൾ സന്ധികൾ, നഖങ്ങൾ എന്നിവയെയും ഈ രോഗം ബാധിക്കാം.
വിഷാദം, ആത്മാഭിമാനം എന്നിവ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, സോറിയാറ്റിക് ആർത്രൈറ്റിസ്, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾ സോറിയാസിസ് ത്വക്ക് രോഗത്തിൻ്റെ സങ്കീർണതകളാണ്. അസുഖത്തിന്റെ തീവ്രത കുറച്ച് കഴിഞ്ഞാൽ പിന്നെ മോയ്സ്ചറൈസർ ഉപയോഗിച്ചും, മലിനീകരണത്തിൽ നിന്ന് അകന്നു നിന്നും, പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും, മദ്യപാനം പുകവലി ഒഴിവാക്കിയുമെല്ലാം ഒരു പരിധി വരെ അസുഖത്തെ ചെറുത്തുനിൽക്കാം. രോഗത്തെ പറ്റിയുള്ള വ്യക്തമായ ധാരണ രോഗി ഡോക്ടറിൽ നിന്നും നേടണം.
STORY HIGHLIGHT: Psoriasis disease