തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെഎസ്ആർടിസി കോടതിയിൽ ഉറപ്പ് നൽകി.
ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കാട്ടാക്കടയിൽ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ആത്മഹത്യചെയ്തത് കോടതിയുടെ പരിഗണനയിൽ നേരത്തെ വന്നിരുന്നു. മുൻപ് നടന്ന സിറ്റിംഗിലും പെൻഷൻ എത്രയും വേഗം വിതരണംചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു.
നാല് കെഎസ്ആർടിസി മുൻ ജീവനക്കാർ ആത്മഹത്യചെയ്ത സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നില്ലേ എന്ന് കോടതി നേരത്ത ചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടതി ഇപ്പോൾ സർക്കാരിന് കർശന നിർദേശം നൽകിയിരിക്കുന്നത്.