ലഖ്നൗ: ഉത്തർപ്രദേശില്‍ മുസ്ലിങ്ങളെന്ന് ആരോപിച്ച് കൻവര്‍ തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഹാഥ്റസ് ശാഖാ ബിജെപി യുവമോർച്ച വൈസ് പ്രസിഡന്റ് ഗജേന്ദ്ര റാണയാണ് കേസിൽ അറസ്റ്റിലായത്. മധ്യപ്രദേശിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്.
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം നടന്നത്. പെട്രോൾ പമ്പിൽ വിശ്രമിക്കുകയായിരുന്നു തീർഥാടകർ. ഈ സമയത്ത് മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗജേന്ദ്ര ഇവരോട് പോകാൻ ആവശ്യപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചെത്തിയ മുസ്ലിംകളാണ് ഇവരെന്നും ശ്രാവണ മാസം കഴിഞ്ഞിട്ടും കാവഡ് തീർഥാടകരെന്ന വ്യാജേന ഇറങ്ങിയതാണെന്നും ആരോപിച്ച് ഇയാൾ ചോദ്യംചെയ്യാൻ തുടങ്ങി. എന്നാൽ, തീർഥാടകർ ആധാർ കാർഡ് കാണിച്ചിട്ടും ഇയാൾ അടങ്ങിയില്ല. ഇവരെ മർദിക്കുകയും ശകാരവർഷം ചൊരിയുകയും ചെയ്തു. ഹരിദ്വാറിൽനിന്നു തീർഥം ശേഖരിച്ചുവരുന്ന വഴിയാണെന്നും വെറുതെവിടണമെന്നും കേണപേക്ഷിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു.
തുടർന്ന് തീർഥാടകർ ഫോണിൽ വിളിച്ചറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ ബിജെപി നേതാവ് പൊലീസുകാർക്കുനേരെയും തിരിഞ്ഞു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും യൂനിഫോം പിടിച്ചുവലിക്കുകയും കീറുകയും ചെയ്തതു. പിന്നീട് കാവഡ് തീർഥാടകരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അതേസമയം, സംഭവത്തിൽ ബിജെപി യുവമോർച്ച ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച കാവഡ് തീർഥാടകർക്കെതിരെ നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്ന് ഹാഥ്റസ് യുവമോർച്ച പ്രസിഡന്റ് അനുരാഗ് അഗ്നിഹോത്രി പ്രതികരിച്ചു. അതേസമയം, ഇതുവരെയുംഗജേന്ദ്ര റാണക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടില്ല.