സിംഗപ്പൂര്‍: ഇന്ത്യയും സിംഗപ്പൂരുമായുള്ള സൗഹൃദം ലക്ഷ്യമാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തി. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനും രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായിയാണ് സന്ദര്‍ശനം നടത്തുന്നത്.
പരമ്പരാഗതമായ സംഗീതോപകരണങ്ങളും നൃത്ത പ്രകടനങ്ങളുമായി മോദിയെ സ്വീകരിക്കാന്‍ കാത്തു നിന്ന ഇന്ത്യന്‍ സമൂഹത്തോടൊപ്പം പ്രധാനമന്ത്രി ഢോല്‍ കൊട്ടി. താളം പിടിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ബ്രൂണൈ സന്ദര്‍ശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശില്‍പക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.
ആറ് വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നവുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ മേഖല എന്നിവയില്‍ കൈകോര്‍ക്കാനുള്ള പദ്ധതികള്‍ക്ക് ധാരണയാകുമെന്നാണ് വിവരം. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി ചര്‍ച്ച ചെയ്തു.