ന്യൂഡൽഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളുടെ പെൻഷൻ ആനുകൂല്യം റദ്ദാക്കാനുള്ള ബില്ലിന് അംഗീകാരാം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഹിമാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അലവൻസസ് ആൻഡ് പെൻഷൻ ഓഫ് മെമ്പേഴ്സ്) ഭേദഗതി ബിൽ 2024 സഭയിൽ നടന്ന ചർച്ചക്ക് ശേഷമാണ് പാസാക്കിയത്. സുഖ്‌വിന്ദര്‍ സിങ് സുഖു ആണ് ബിൽ അവതരിപ്പിച്ചത്.
1971ലെ നിയമസഭാംഗങ്ങളുടെ പെൻഷൻ നിയമത്തെ ഭേദഗതി ചെയ്യുന്നതാണ് പുതിയ പെൻഷൻ നിയമം. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു. ഭരണസംവിധാനം സുസ്ഥിരമാക്കാനും നിയമസഭാ അംഗങ്ങള്‍ പാർട്ടി മാറുന്നത് തടയുന്നതിനുമായാണ് നിയമം കൊണ്ടുവന്നത്.
ബജറ്റ് അവതരണവേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്ന ആറ് കോൺഗ്രസ് എം.എൽ.എമാരെ ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ആറുപേരും ഉപതിരഞ്ഞെടുപ്പിൽ പിന്നീട് മത്സരിച്ചെങ്കിലും രണ്ടുപേർക്ക് മാത്രമേ വിജയിച്ച് സഭയിലേക്ക് തിരിച്ചെത്താനായുള്ളു.