ഒരു കാരണവശാലും ഇത് നഷ്ടമാവില്ല ഈ ചോദ്യങ്ങള്‍ വന്നിട്ടില്ലെങ്കില്‍ പകുതി മീശ ഞാന്‍ വടിക്കും. ഇന്ന് നിങ്ങള്‍ ഈ ലൈവില്‍ ഇരുന്നു പഠിച്ചാല്‍ ഞാന്‍ പറയുന്ന ക്വസ്റ്റ്യന്‍ പ്രാക്ടീസ് ചെയ്താല്‍, നാളെ ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടുമ്പോള്‍ നിങ്ങള്‍ അന്തം വിട്ടുപോകും. കഴിഞ്ഞദിവസം യൂട്യൂബില്‍ വന്ന വീഡിയോയിലെ രണ്ട് അവതാരകര്‍ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. കേരള സിലബസ് പത്താം ക്ലാസിലെ ഓണപ്പരീക്ഷയിലെ കണക്ക് വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇതൊക്കെ. ഇതില്‍ ആദ്യം പറഞ്ഞിരിക്കുന്ന പകുതി മീശ വടിക്കും എന്ന വീഡിയോ ഇതുവരെ 43,000 പേര്‍ യൂട്യൂബില്‍ കണ്ടിരിക്കുന്നു. എന്താണ് ഈ വീഡിയോകള്‍ നല്‍കുന്ന സന്ദേശം, പരീക്ഷ പരിശീലനത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളിലേക്കാണോ ഇത്തരം വീഡിയോകള്‍ എത്തി നില്‍ക്കുന്നത്. ഇത് വിശ്വസിച്ച് പരീക്ഷയ്ക്കു തയ്യാറായി പോകുന്ന വിദ്യാര്‍ത്ഥികള്‍ സത്യത്തില്‍ കബളിക്കപ്പെടുകയോണോ. ഇവര്‍ ഈ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ, എങ്ങനെ ഇവര്‍ക്ക് പരീക്ഷയ്ക്ക് വരുന്നു ചോദ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇക്കാര്യങ്ങള്‍ മുന്‍ നിറുത്തി അന്വേഷണം ഓണ്‍ലൈന്‍ നടത്തിയ പരിശോധനയില്‍ പത്താം ക്ലാസിലെ കണക്ക് പരീക്ഷയ്ക്ക് വന്നിരിക്കുന്ന ചോദ്യങ്ങള്‍ ഏകദേശം ശരിയാണെന്ന് മനസിലായി. അതായത് മുന്നേ പറഞ്ഞ ‘മീശ വടിക്കും’ ആള്‍ പറഞ്ഞ വീഡിയോയിലെ അവകാശവാദങ്ങള്‍ ശരിയാണ്, ചോദ്യോത്തരങ്ങള്‍ കൃത്യമാണ്. ഏഴു മിനിട്ടു കൊണ്ടാണ് 50 മാര്‍ക്കിന് വേണ്ട ചോദ്യങ്ങള്‍ പകര്‍ന്നു നല്‍കാമെന്നാണ് youtube വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. ചോദ്യത്തിന് പുറമേ അതില്‍ എഴുതാനുള്ള ഉത്തരങ്ങളും വിശദീകരിച്ച് വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു വീഡിയോ കണ്ടില്ലെങ്കിലും നിങ്ങള്‍ ഇത് കാണുക, അതിനുശേഷം ഞാന്‍ നല്‍കുന്ന ചോദ്യങ്ങള്‍ ചെയ്തു പഠിച്ച് മനപ്പാഠമാക്കുക വിജയം ഉറപ്പ്. ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിനുശേഷം 50 ചോദ്യങ്ങളും അതിന്റെ ഉത്തരവും വീഡിയോ അവതരിപ്പിക്കുന്ന വ്യക്തി തന്റെ പുറകിലെ സ്‌ക്രീനില്‍ എഴുതി കാണിക്കുകയാണ്. ഓരോ ചോദ്യങ്ങള്‍ പറയുമ്പോഴും ഇതു വരും 100% ഉറപ്പാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വീഡിയോ കണ്ടതിനെത്തുടര്‍ന്ന് ഇന്നു നടന്ന ഓണപ്പരീക്ഷയിലെ കണക്ക് വിഷയത്തിന്റെ ചോദ്യപേപ്പര്‍ ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഏകദേശം വീഡിയോയില്‍ പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് പരീക്ഷയ്ക്ക് ചോദിച്ചിരിക്കുന്നത്.
യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നഗരത്തിലെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്നതും, എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന എഡ്യു ടെക് സ്ഥാപനമാണ്. മത്സര പരീക്ഷകളും സ്‌കൂള്‍ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശീലനം ഓണ്‍ലൈന്‍ വഴി നല്‍കുന്ന സ്ഥാപനമാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. എന്നാല്‍ ഈ വീഡിയോയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സ്ഥാപന അധികൃതരെ സമീപിച്ചിരുന്നെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല.