മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് എൻസിപിയിൽ ചേര്‍ന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ, കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സമർജിത് സിങ് ഘട്ഗെയാണ് പാർട്ടി വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്ക് കനത്ത ആഘാതമേകുന്നതാണ് ഘട്ഗെയുടെ നീക്കം. ഭരണമുന്നണിയായ മഹായുതി അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് സമർജിത്‌സിങ് എൻസിപിയിലേക്ക് ചേക്കേറിയത്. ഛത്രപതി ഷാഹു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ചെയർമാനായ ഇദ്ദേഹം കോലാപ്പൂർ രാജകുടുംബത്തിലെ അംഗവുമാണ്.
കർണാടക അതിർത്തിയിലെ കഗൽ നിയമസഭാ സീറ്റിൽ ജനവിധി തേടണം എന്നായിരുന്നു ഘട്ഗെയുടെ ആഗ്രഹം. ഇതിനുള്ള തയാറെടുപ്പുകളും തുടങ്ങിയിരുന്നു. മണ്ഡലം എൻസിപിക്ക് അനുകൂലമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഘട്ഗെ പാർട്ടി വിടാൻ തീരുമാനിച്ചത്. ഇനി എൻസിപി ടിക്കറ്റിൽ കഗലിൽ നിന്നുതന്നെ ഘട്ഗെ മത്സരിക്കും. എംഎൽഎ ആയാൽ അദ്ദേഹത്തിന് കാര്യമായ ചുമതലകൾ നൽകുമെന്ന് ശരദ് പവാർ വ്യക്തമാക്കി.