പ്യോങ്യാങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയുന്നതില്‍ പരാജിതരായി 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.
ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതൽ ചാങ്ഗാങ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂൺ ഉൾപ്പെടെയുള്ളവർ നടപടിക്ക് വിധേയരായവരിൽ ഉൾപ്പെടുന്നതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.