തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. തീപിടിത്തത്തില്‍ മരിച്ച വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സാഹചര്യതെളിവുകള്‍ പ്രകാരം മരിച്ചത് ബിനു തന്നെയാണെന്നാണ് സ്ഥിരീകരണം.
രണ്ടാം ഭർത്താവ് ബിനു വൈഷ്ണയെ തീ കൊളുത്തി കൊന്നെന്നാണ് നിഗമനം. തീകൊളുത്താൻ മണ്ണെണ്ണയോ ടർപ്പന്റൈനോ ഉപയോഗിച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടത്തിയത് ബിനുകുമാര്‍ ആണെന്ന് ബലപ്പെട്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പോയതായി സ്ഥിരീകരിച്ചിരിക്കുന്നത്.
വൈഷ്ണയും ബിനുകുമാറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. വൈഷ്ണയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കുടുംബ കോടതിയില്‍ ഇയാള്‍ക്കെതിരെ വൈഷ്ണ കേസ് നല്‍കിയിരുന്നു. ഇതിലുള്ള വിദ്വേഷമായിരിക്കാം ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഫോറന്‍സിക് ഫലവും, ഡിഎന്‍എ ഫലവും വരുന്നതോടെ കേസില്‍ വ്യക്തത വരും. അതിനിടെ ഡെപ്യൂട്ടി കളക്ടര്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തീപിടത്തമുണ്ടാകുന്നത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. മരിച്ച രണ്ടാമത്തെ ആൾ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തിൽ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഫീസ് പ്രവർത്തിക്കുന്ന മുറിക്കുള്ളിൽനിന്ന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തീ കെടുത്തിയെങ്കിലും രണ്ടുപേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.