വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. കഴിക്കുന്ന ആഹാരം കുറച്ചു ദഹിക്കുകയും ബാക്കി ദഹിക്കാതിരിക്കുക്കയും ചെയ്യുന്ന അവസ്ഥയിൽ അന്നനാളത്തിലേക്ക് അവ തിരികെ കയറുന്നതാണ് നെഞ്ചെരിച്ചലിന്റെ മുഖ്യകാരണം. ആമാശയത്തിന്റെ മുകളറ്റത്തെ വാൽവ് സംബന്ധമായ തകരാറുള്ളവരിൽ ഇതു വർദ്ധിച്ച തോതിൽ കാണുന്നുണ്ട്. അസമയത്തും ആവശ്യത്തിലധികമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് വഴിയൊരുക്കാറുണ്ട്. കൂടാതെ ചിലയിനം ഭക്ഷണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാതെ വരുന്നതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. പുളി, ഉപ്പ്, എരിവ്, മസാല എന്നിവയുടെ കൂടിയ തോതിലുള്ള ഉപയോഗവും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്.
വയറിന്റെ മുകള്‍ഭാഗത്തുനിന്ന് നെഞ്ചിന്റെ മധ്യഭാഗത്ത് കൂടെ പടര്‍ന്ന് തൊണ്ടയിലേക്കും കഴുത്തിലേക്കും ചിലപ്പോള്‍ പുറത്തേക്കും വ്യാപിക്കുന്ന എരിച്ചിലായാണ് മിക്കവരിലും നെഞ്ചെരിച്ചില്‍ പ്രകടമാവുക. കൂടാതെ, ഭക്ഷണം ഇറക്കാന്‍ പ്രയാസം, പുളിച്ച് തികട്ടല്‍, വായില്‍ വെള്ളംനിറയുക, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നുക ഇവയെല്ലാം നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ ആണ്.
എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍, കാപ്പി, കോള, ചായ, കോൾഡ് കോഫി, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിന് കാരണമാക്കാറുണ്ട്. നെഞ്ചെരിച്ചിനെ പലരും ഹൃദ്രോഗമായി തെറ്റിക്കാറുണ്ട്. കാരണം നെഞ്ചെരിച്ചിലിന് ഹൃദ്രോഗ അസ്വസ്ഥതകളുമായി ഏറെ സാമ്യമുണ്ട്.
ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും പലപ്പോഴും നെഞ്ചെരിച്ചിൽ ഒഴിവാക്കാനും നിയന്ത്രിക്കാനും സഹായിക്കും. ദിവസവും 3 ലിറ്റർ വെള്ളം കുടിക്കുക, എരിവ് നൽകുന്ന സാധനങ്ങൾ ഒഴിവാക്കുക, തേങ്ങ അരച്ച കറി ഒഴിവാക്കുക, എണ്ണയിൽ വറുത്ത അല്ലെങ്കിൽ എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കലും, പെരും ജീരകം, ഇഞ്ചി, തൈര്, പഴം എന്നീ സാധനങ്ങളുടെ ഉപയോഗവും ഒരു പരിധിവരെ നെഞ്ചെരിച്ചില്‍ കുറയ്ക്കാൻ സഹായിക്കുന്നു.
STORY HIGHLIGHT: Heartburn