India

ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് നടികർ സംഘം; കുറ്റക്കാരെ അഞ്ചുവർഷത്തേക്ക് വിലക്കും

ചെന്നൈ: ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും.

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളും അനീതികളും സമൂഹത്തിനുമുന്നിൽ കൊണ്ടുവരാൻ കാരണമായ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് തമിഴ് സിനിമ മേഖലയിലും ഇത്തരത്തിലൊരു മാറ്റം സൃഷ്ടിച്ചിരിക്കുന്നത്. നടികൾ സംഘത്തിന്റെ പ്രസിഡന്റ് നടൻ നാസർ ആണ്. സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി എന്നിവരാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശക്തമായ പരാമർശങ്ങളും തുറന്നുപറച്ചിലുകളും ഉണ്ടായിരുന്നിട്ടും മലയാള സിനിമ സംഘടനകൾ അനുകൂലമായ നിലപാടുകൾ സ്വീകരിക്കാൻ മടിക്കുന്നതിനിടയിലാണ് സിനിമാ മേഖലയിലെ ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി നടികർ സംഘം എത്തിയിരിക്കുന്നത്. ചെന്നൈയിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിക്കാണ് നടികൾ സംഘത്തിന്റെ യോഗം ചേർന്നത്.

അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികര്‍സംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും. പരാതികള്‍ ആദ്യംതന്നെ നടികര്‍സംഘത്തിന് നല്‍കാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന മുന്നറിയിപ്പുമുണ്ട്.