കൊഹിമ: കനത്ത മഴയെ തുടർന്ന് നാഗാലാൻഡിൽ ദേശീയപാത 29ലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയുടെ പല ഭാഗങ്ങളും പാടെ തകരുകയോ ഒഴുകിപ്പോവുകയോ ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയിൽ പലയിടങ്ങളിലായി മണ്ണിടിയുകയായിരുന്നു. നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയും വാണിജ്യ കേന്ദ്രമായ ദിമാപൂരും തമ്മിലുള്ള റോഡ് ഗതാഗതം ഇതോടെ പാടെ നിലച്ചു. മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്കും റോഡരികിലെ കടകൾക്കും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
അപകടത്തിൽ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആശങ്ക രേഖപ്പെടുത്തി. മണ്ണിടിച്ചിൽ ബാധിച്ചവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. ഗതാഗതം സാധാരണ നിലയിലേക്കെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിലും ദേശീയപാത അതോറിറ്റിയിലും സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.