മോസ്കോ: യുക്രൈന്‍റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ഏഴ് പേര്‍ കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോർട്ട്. ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെയായിരുന്നു റഷ്യന്‍ ആക്രമണം.
ഇന്നലെയും യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയിരുന്നു. ഇന്നലെ പോള്‍ട്ടാവയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 50 ലേറെ പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 180 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, റഷ്യ ആക്രമണം കനപ്പിച്ചതിനിടെ യുക്രെയ്നിൽ മന്ത്രിസഭ അഴിച്ചുപണി. പ്രസിഡന്റ് വോളോദിമിർ സെലൻസ്കിക്ക് കൂടുതൽ കരുത്ത് പകരാനെന്ന പേരിലാണ് നിരവധി പേർക്ക് സ്ഥാനചലനം. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, നീതിന്യായ മന്ത്രി ഡെനിസ് മലിയുസ്ക, ഉപപ്രധാനമന്ത്രി ഒൽഹ സ്റ്റെഫാനിഷിന, ആയുധ വികസന, നിർമാണ ചുമതലയുളള വ്യവസായ മന്ത്രി ഒലക്സാണ്ടർ കാമിഷിൻ തുടങ്ങി ചുരുങ്ങിയത് ഏഴു പേർ ഇതിനകം രാജി സമർപിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ജീവനക്കാരിൽ പകുതിയിലേറെ പേർക്കും സ്ഥാന ചലനം സംഭവിക്കും.