കൊച്ചി: ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് ആരോപണ വിധേയരായ ചലച്ചിത്ര പ്രവർത്തകരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്. അതിജീവിതകൾ മജിസ്ട്രേട്ട് മുൻപാകെ നൽകിയ മൊഴികളുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ വൈകരുതെന്ന നിയമോപദേശം അന്വേഷണ സംഘത്തിനു ലഭിച്ചത്.
എസ്ഐടി അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി: എച്ച്.വെങ്കിടേഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. അന്വേഷണ സംഘാംഗവും കോസ്റ്റൽ പൊലീസ് എഐജിയുമായ ജി.പൂങ്കുഴലിയുടെ ഓഫിസിലാണു യോഗം ചേർന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അന്വേഷണ പുരോഗതി എഡിജിപി വിലയിരുത്തി. ആദ്യഘട്ടത്തിൽ പരാതി നൽകിയവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തി തെളിവെടുപ്പു പൂർത്തിയാക്കിയതായി അന്വേഷണ സംഘം എഡിജിപിയെ അറിയിച്ചു.
അതേസമയം, ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ ഊന്നുകൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.