മലയാളം വാര്‍ത്ത ചാനല്‍ റേറ്റിങ്ങ് സംവിധാനമായ ബാര്‍ക് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ നാലാഴ്ച ഒന്നാം സ്ഥാനത്ത് നിന്ന 24 ന്യൂസിനെ താഴോട്ടിറക്കിയാണ് ഒന്നാം സ്ഥാനത്തേക്കുള്ള ഏഷ്യാനെറ്റിന്റെ കുതിപ്പ്. ബാര്‍ക് റേറ്റിങ്ങിലെ 35-ാം ആഴ്ചയില്‍ ഏഷ്യാനെറ്റിന് ലഭിച്ചത് 109 പോയിന്റാണ്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് 101 പോയിന്റിലേക്ക് താഴ്ന്നു. മൂന്നാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 93 പോയിന്റാണ് ലഭിച്ചത്. 53 പോയിന്റുള്ള മനോരമ ന്യൂസും, 41 പോയിന്റുള്ള മാതൃഭൂമി ന്യൂസും നാലും അഞ്ചും സ്ഥാനത്താണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ 21 പോയിന്റോടെ ജനം ടിവി, 19 പോയിന്റോടെ കൈരളി ന്യൂസ്, 17 പോയിന്റോടെ ന്യൂസ് 18, 13 പോയിന്റോടെ മീഡിയാ വണും റേറ്റിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഷിരൂരിലെ മണ്ണിടിച്ചിലും അര്‍ജുന്റെ തിരോധാനം ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ക്കു ശേഷമാണ് ന്യൂസ് ചാനല്‍ രംഗത്ത് മാറ്റങ്ങള്‍ പ്രതിഫലിച്ചു തുടങ്ങിയത്. ലൈവത്തോണുമായി പുതു തലമുറ ചാനലുകള്‍ കളം പിടിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ്കഷീണം സംഭവിച്ചു തുടങ്ങിയിരുന്നു. പിന്നീട് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വന്നതോടെ ഗ്രൗണ്ട് സീറോ റിപ്പോര്‍ട്ടിങ് ഉള്‍പ്പട്ട ലൈവ് ന്യൂസിന് കൂടുതല്‍ പ്രസക്തിയുണ്ടാകുകയും ജനം അത്തരം വാര്‍ത്തകള്‍ നല്‍കുന്ന ചാനലിലേക്ക് മാറാന്‍ തുടങ്ങി. ഇവന്റ് സ്വഭാവമുള്ള അത്തരം വാര്‍ത്തകള്‍ക്ക് വലിയ ആയുസുണ്ടാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നാലാഴ്ചയായി മുന്നില്‍ നിന്ന 24 ന്യൂസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അടങ്ങുന്ന വാര്‍ത്തകളില്‍ പിന്നോക്കം പോയതിന്റെ സൂചനയാണ് ഒന്നാം സ്ഥാനത്തു നിന്നുള്ള പടിയിറക്കം. ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കുറച്ചുക്കൂടി വിശ്വാസ്യതയോടെ കൃത്യമായ ന്യൂസ് ആങ്കിളില്‍ നിന്നും വസ്തുകള്‍ നല്‍കിയതോടെ പ്രേക്ഷകര്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചേക്കേറി. ഇവന്റ് ന്യുസുകളിലൂടെ ഉണ്ടായ താത്ക്കാലിക കുതിപ്പാണെന്നും, അവയെല്ലാം അവസാനിച്ചപ്പോള്‍ ഏഷ്യാനെറ്റ് തന്നെ തിരികെ എത്തിയതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ 35-ാം ആഴ്ചയില്‍ ചാനല്‍ വ്യൂവേഴ്‌സിന്റെ എണ്ണത്തില്‍ വളരെ കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 34-ാം ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന്റെ റേറ്റിങ് പോയിന്റ് 132.7 ആയിരുന്നു, 132.2 പോയിന്റായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റിന്. 35-ാം ആഴ്ചയിലെ റേറ്റിങ് ഒറ്റയടിക്ക് 109 പോയിന്റിലേക്ക് കൂപ്പ്കുത്തി. രണ്ടാം സ്ഥാനത്തുള്ള 24 ന് 101 പോയിന്റും. വാര്‍ത്തകള്‍ കാണാന്‍ പ്രേക്ഷകര്‍ ടിവിയെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകള്‍ നിറഞ്ഞു നിന്ന കഴിഞ്ഞയാഴ്ച പ്രേക്ഷകര്‍ കൂടുതലും സോഷ്യല്‍ മീഡിയയെ ആശ്രയിച്ചുവെന്നാണ് കരുതാന്‍. യൂട്യൂബിലേക്ക് കൂടുതല്‍ കാഴ്ചക്കാര്‍ പോയതായും, വാര്‍ത്തകള്‍ പ്രൈവറ്റ് സ്‌പേയ്‌സിലേക്ക് ഒതുക്കപ്പെട്ടുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights; Asianet News has returned to the first position in the BARC Report