കേരള – തമിഴ്നാട് സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമായ ഒരു സ്ഥലമാണ് വാൽപാറൈ. കേരള സൈഡ്- അതിരപ്പിള്ളി മലക്കപ്പാറ വഴിയോ തമിൾനാട് സൈഡ്- പൊള്ളാച്ചി ആളിയാർ വഴിയോ വാൽപ്പാറയ്ക്ക് കേറാം. കാടും വെള്ളച്ചാട്ടവും ഡാമും തേയിലത്തോട്ടങ്ങളും കണ്ട് പ്രകൃതി സുന്ദരമായ യാത്ര. കോടയും തണുപ്പും തന്ന് അതിരപ്പിള്ളി കാടുകൾ സഞ്ചാരികളെ മറ്റൊരു അനുഭൂതിയിലേക്ക് എത്തിക്കും .. അതിരപ്പിള്ളി വെള്ളച്ചാട്ടം രൗദ്രഭാവത്തിൽ അതിമനോഹരമായ ഒരു കാഴ്ചയാണ്. പച്ചപ്പ് മൂടിയ മുളങ്കാടുകൾക്ക് ഇടയിലൂടുള്ള റൈഡ് ഒരു പ്രത്യേക അനുഭവം തന്നെ സമ്മാനിക്കും .
മലക്കപ്പാറ ചെക്ക് പോസ്റ്റ് എത്തും വരെ മനുഷ്യൻ്റെ ഇടപെടലുക കൊണ്ട് മലിനപ്പെടുത്താത്ത കാടിന്റെ ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. തുടർന്നുള്ള യാത്രയിൽ കാണാൻ സാധിക്കുന്നത് ഷോലയാർ വാൽവ് ഹൗസ് ആണ്. കാടിനുള്ളിലൂടെ പവർഹൗസിലേക്ക് പോകുന്ന ഭീമാകാരമായ കുഴലുകൾ മറ്റൊരാനുഭവം തന്നെ സമ്മാനിക്കും. വാൽപ്പാറയ്ക്ക് രണ്ട് റൂട്ട് ഉണ്ട്. മുടിസ് ടൗൺ വഴിയും പിന്നെ ഷോലയാർ ഡാമൊക്കെയുള്ള മെയ്ൻ റൂട്ടും. രണ്ടാമത്തെ റൂട്ടിൽ ആണ് കാഴ്ചകൾ കൂടുതൽ.
തമിഴ്നാട് കയറി ഒരു 5km സഞ്ചരിച്ച് ഡാം റിസർവോയറിലേക്ക് എത്തി ചേരാം.. പോകും വഴിയെല്ലാം റിസർവോയറിൻ്റെ പല ഏരിയയും കാണാനാകും. കുറച്ച് ദൂരം ചെല്ലുമ്പോൾ തടാകം കാണാം. വാൽപ്പാറയിലേ വഴിയിലെല്ലാം മനോഹരമായി വെട്ടി നിർത്തിയ തേയില തോട്ടങ്ങളാണ്. മികച്ച റോഡ് ആണ്. പ്രകൃതി സുന്ദരമായ ദൃശ്യങ്ങളും കുളിർമയേകുന്ന കാലാവസ്ഥയും. കോടമഞ്ഞാണ് ഇവിടത്തെ പ്രത്യേകത. ഹെയർ പിൻ ബെൻഡുകൾ ഓരോന്നും കയറിയിറങ്ങി ദൂരങ്ങൾ താണ്ടുമ്പോൾ അതൊരു ലഹരി തന്നെയെന്ന് മനസ്സിലാക്കാൻ സാധിക്കും.. ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാഴ്ചയാണ് തലനാർ എസ്റ്റേറ്റ്. കോടയിൽ നിന്നും മറനീക്കി പുറത്ത് വരുന്ന എസ്റ്റേറ്റ് വ്യൂ ആരുടെയും മനം കവരുന്ന കാഴ്ചയാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നീണ്ട ഒറ്റ റോഡ്.. മലയടിവാരത്തെ ലയങ്ങൾ.. മഴയത്ത് കുട ചൂടി മടങ്ങുന്ന സ്കൂൾ കുട്ടികൾ. ആരുടെയുള്ളിലും ഗ്രാമീണതയും ഗൃഹാതുരതയുമുണർത്തുന്ന കാഴ്ച. ആളിയാർ ഡാം വ്യൂ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഒരിക്കലും മിസ്സ് ചെയ്യാത്ത മറ്റൊരു കാഴ്ചയാണ്.
Story Highlights ;Valpara beauty