ബോണക്കാട് തേയില എസ്‌റ്റേറ്റില്‍ ദുരിതം പേറി ഇന്നും ലയങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ധനവകുപ്പ് ലയങ്ങളുടെ നവീകരണത്തിന് നാല് കോടിരൂപ അനുവദിച്ചിരിക്കുന്നു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതില്‍നിന്ന് രണ്ടു കോടി രൂപ അനുവദിച്ചു. ബോണക്കാട്ടെ ലയങ്ങളുടെ പുനരുദ്ധാരണത്തിനായി പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റിയ്ക്ക് അനുവദിച്ചതും ചെലവഴിക്കാത്തതുമായ തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി തുക ഈ നിക്ഷേപത്തില്‍ നിന്ന് വിനിയോഗിക്കാനും അനുമതി നല്‍കി.
എസ്റ്റേറ്റിലെ ബി എ 1, ബി എ 2, ജി ബി, ടോപ്പ് ഡിവിഷനുകളിലെ ലയങ്ങളാണ് പുതുക്കിപ്പണിയുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരിക്കും. 2015 മാര്‍ച്ചില്‍ ബോണക്കാട് എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിച്ചിരുന്നു. തുടര്‍ന്ന് അറ്റകുറ്റപണികള്‍പോലും നടക്കാത്ത ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നത്. ഇവരുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം വേണമെന്ന ദീര്‍ഘകാല ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. എത്രയും വേഗത്തില്‍ ഈ തുക ഉപയോഗിച്ച് ലയങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്.
കഴിഞ്ഞവര്‍ഷമാണ് ധനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ബോണക്കാട് എസ്‌റ്റേറ്റ് സന്ദര്‍ശിച്ചത്. ലയങ്ങളുടെ ശോച്യാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതുമാണ്. ലയങ്ങള്‍ ഏതാണ്ടു തകര്‍ന്ന അവസ്ഥയിലും ഏതു സമയവും നിലം പൊത്താവുന്ന സ്ഥിതിയിലുമായിരുന്നു അന്ന്. തൊഴിലാളികളോടു വാഗ്ദാനം ചെയ്തത് 2023ലെ ഓണം കഴിഞ്ഞു ലയങ്ങളുടെ നവീകരണം നടത്തും എന്നായിരുന്നു. ഇതിനായി പ്ലാന്റേഷന്‍ റിലീഫ് ഫണ്ടില്‍ നിന്നും 2.71 കോടി രൂപ അനുവദിച്ചതായും മന്ത്രിമാര്‍ പറഞ്ഞിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് ആ വാഗ്ദാനം വലിയ പ്രതീക്ഷയാണ് നല്‍കിയത്.
എന്നാല്‍, പിന്നീട് ആരും തിരിഞ്ഞു നോക്കാന്‍പോലുമുണ്ടായില്ലെന്നു മാത്രം. രണ്ടു പതിറ്റാണ്ടിനിടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഗ്ദാനങ്ങള്‍ കേട്ടു മടുത്തിരിക്കുകയാണ് ബോണക്കാട് നിവാസികള്‍. എന്നാല്‍, ധനവകുപ്പിന്റെ ഈ ഇടപെടല്‍ ബോണക്കാടിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് 2024ലെ ഓണസമ്മാനമായി മാറിയിരിക്കുന്നു. നവീകരണം എന്നത്, മേല്‍ക്കൂര മാറ്റത്തില്‍ മാത്രമായി നവീകരണം ഒതുങ്ങുമോയെന്ന് തൊഴിലാളികള്‍ സംശയിക്കുന്നു. അങ്ങനെയാണെങ്കില്‍ നവീകരണം കൊണ്ട് യാതൊരു ഗുണവും തൊഴിലാളികള്‍ക്ക് ഉണ്ടാകില്ല.
സകല ലയങ്ങളും ബലക്ഷയം സംഭവിച്ച സ്ഥിതിയിലാണ്. ഭിത്തികള്‍ പലയിടത്തും പൊട്ടി മാറിയിട്ടുണ്ട്. ചിലയിടത്തു അടിസ്ഥാനം ഇളകിപ്പോയിട്ടുമുണ്ട്. കല്‍ക്കെട്ടുകള്‍ ഏതു സമയവും അടര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ജനലുകള്‍ക്കും വാതിലുകള്‍ക്കും അടച്ചുറപ്പില്ല. വൈദ്യുതി ഉണ്ടെങ്കിലും വയറിംഗും സ്വിച്ച് ബോര്‍ഡുകളും ഹോള്‍ഡറുകളും തകര്‍ന്ന നിലയിലാണ്. പലയിടത്തും ശുചിമുറികളും ദയനീയ സ്ഥിതിയിലാണ്. എസ്റ്റേറ്റില്‍ ലയങ്ങള്‍ മൂന്നു ഡിവിഷനുകളിലായാണ് സ്ഥിതി ചെയ്യുന്നത്.
ബിഎ ഡിവിഷനില്‍ 19 ലയങ്ങളില്‍ 89 കുടുംബങ്ങളും ടോപ് ഡിവിഷനില്‍ 8 ലയങ്ങളിലായി ആകെ 38 കുടുംബങ്ങളും ജി ബി ഡിവിഷനില്‍ 7 ലയങ്ങളിലായി 38 കുടുംബങ്ങളും താമസിക്കുന്നു. ആകെ 34 ലയങ്ങളിലായി 155 കുടുംബങ്ങള്‍.
CONTENT HIGHLIGHTS; Curse of Layas in Bonakkad Estate: 4 crore sanctioned for renovation