കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘A Path to Wellness Kerala’s Battle against TB’- ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഭാഗം (State Strategic Action Plan for TB Elimination 2.0) എന്ന നയരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ക്ഷയരോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഇപ്പോള്‍ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ ലോകത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതല്ല സ്ഥിതി എന്നു മനസിലാക്കാന്‍ സാധിക്കും. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. എന്നാല്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ദേശീയ ക്ഷയരോഗ സര്‍വേയില്‍ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്താകെ ഒരു ലക്ഷത്തില്‍ 199ഉം ലോകത്താകെ ഒരു ലക്ഷത്തില്‍ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 7ഉം ഇന്ത്യയില്‍ 34ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും നമ്മള്‍ ലോകത്തിനു മാതൃകയാവുന്നു.
കേരളത്തിലെ 99 ശതമാനം ജനങ്ങളേയും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കഴിഞ്ഞിട്ടുണ്ട്. 83 ശതമാനം ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിലുള്ള ടിബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതല്‍ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
ക്ഷയരോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കല്‍, മതിയായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ്മകള്‍ രൂപീകരിക്കല്‍, സ്വകാര്യ മേഖലയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന സംവിധാനം (സ്റ്റെപ്‌സ്) നടപ്പിലാക്കല്‍ എന്നിവയ്ക്കു പുറമെ, ക്ഷയരോഗ സാധ്യതാ നിര്‍ണ്ണയം അടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. 2024ല്‍ ജനീവയിലെ സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളിലെ മെഡിക്കല്‍ അസോസിയേഷനുകളുടെ നേതാക്കള്‍ കേരളത്തിലെ സ്റ്റെപ്‌സ് പ്രോഗ്രാം അവലോകനം ചെയ്തിരുന്നു. കാര്യക്ഷമമായ ക്ഷയരോഗ പരിചരണം ഉറപ്പാക്കുന്നതിനുള്ള കേരളത്തിന്റെ നടപടികള്‍ ഫലപ്രദമാണെന്നും അതേ മാതൃകയില്‍ മറ്റു രാജ്യങ്ങളില്‍ അവ നടപ്പാക്കണമെന്നും അവര്‍ തീരുമാനിച്ചു. അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിബി നിര്‍മ്മാര്‍ജനത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന പിന്തുണ വലുത്: മന്ത്രി വീണാ ജോര്‍ജ്
ടിബി നിര്‍മ്മാര്‍ജനത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നത്. പരമാവധി ആളുകള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം തടയാന്‍ രാജ്യത്താദ്യമായി എഎംആര്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. കേരളത്തിലെ സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ പരിപാടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. കാസ്പ് പദ്ധതി വഴി 42 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി.
രാജ്യത്ത് ഏറ്റവും കുറവ് ടിബി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. 2015-നെ അപേക്ഷിച്ച് ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തിലധികം കുറവുണ്ടായി. ഇതിലൂടെ 2022-ല്‍ ദേശീയ തലത്തില്‍ സില്‍വര്‍ മെഡല്‍ ലഭിക്കുകയും ചെയ്തു. സ്വകാര്യ മേഖലയില്‍ ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനും പുരസ്‌കാരം ലഭിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;Low Tuberculosis Mortality Rate: Kerala Model for the World