ഗതാഗതയോഗ്യമല്ലാതായി മാറിയ മണക്കാട് – തിരുവല്ലം റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി പൊതുമരാമത്തിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇരു വകുപ്പുകളിലെയും ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 10ന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മണക്കാട് – തിരുവല്ലം റോഡിലെ കല്ലാട്ടുമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായി പറയുന്ന പദ്ധതി, എന്നാണ് തുടങ്ങിയതെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഏത് സര്‍ക്കാര്‍ വകുപ്പിനാണ് പദ്ധതിയുടെ ചുമതലയെന്ന് വ്യക്തമാക്കണം. ഈ റോഡില്‍ എത്ര കുഴികളുണ്ടെന്നും ടാര്‍ ഇളകാന്‍ കാരണമെന്തന്നും വ്യക്തമാക്കണം.കുറ്റമറ്റ രീതിയില്‍ എന്ന് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കണം. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തണമെന്ന് കമ്മീഷന്‍ പൊതു മരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അസി. എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പഠിച്ച് ചീഫ് എഞ്ചിനീയര്‍ ( റോഡ്‌സ്) പ്രശ്‌ന പരിഹാര നടപടികള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30ന് മുമ്പ് സമര്‍പ്പിക്കണം.
പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുത്തതു കാരണമാണ് റോഡ് തകര്‍ന്നതെന്ന് ആക്ഷേപമുള്ളതിനാല്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ എന്നാണ് കുഴിയെടുത്തതെന്നും കുഴിയടക്കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും ജല അതോറിറ്റി വ്യക്തമാക്കണം. പൈപ്പ് സ്ഥാപിക്കലും കുഴിയടക്കലും കുറ്റമറ്റ രീതിയില്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തണം. അസി. എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പഠിച്ച് ചീഫ് എഞ്ചിനീയര്‍ പ്രശ്‌ന പരിഹാര നടപടികള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30 ന് മുമ്പ് കമ്മീഷനില്‍ സമര്‍പ്പിക്കണം.
വെള്ളക്കെട്ട് ഒഴിവാക്കുക, അറ്റകുറ്റപണികള്‍ നടത്തുക,പൈപ്പുകള്‍ സ്ഥാപിക്കുക എന്നിവയ്ക്കായി ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പൊതു റോഡുകളില്‍ നടത്തുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അനന്തമായി നീളുന്നത് റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണമാകുന്നതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു. കുഴികളും മറ്റും ഒഴിവാക്കി സുഗമമായ സഞ്ചാര സ്വാതന്ത്ര്യം പൊതുജനങ്ങള്‍ക്ക് ഒരുക്കി കൊടുക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
CONTENT HIGHLIGHTS;Manakad – Thiruvallam road plight: Human Rights Commission asks officials to come forward with remedial suggestions