ഗായത്രിപ്പുഴയിലേക്ക് നീണ്ടുകിടക്കുന്ന പാലക്കാടൻ നെൽപാടങ്ങൾക്കിടയിലൂടെയുള്ള ഒരൊറ്റയടിപ്പാത, ആ വഴിക്ക് നടന്നു ചെല്ലുമ്പോൾ പുഴയുടെ തീരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു ശിവക്ഷേത്രം കാണാൻ സാധിക്കും. സ്വയംഭൂ എന്ന വാക്കിന്റെ ആശയം വ്യക്തമാക്കുന്നൊരു പുരാതന ക്ഷേത്രം പ്രകൃതിയുടെ മടിത്തട്ടിൽ നിലനിൽക്കുന്നത് ഇവിടെ കാണാൻ സാധിക്കും. പുഴയും പാടവും ചേരുന്നിടത്തൊരു കാവിന്റെ ഭാവത്തിലേക്ക് ക്ഷേത്രവും പരിസരവും മാറിക്കഴിഞ്ഞിരിക്കുന്നത് കാണാം. സാധാരണ ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ ധാരാളം ആൽമരങ്ങൾ കാണാൻ സാധിക്കും. ഇവയെല്ലാം തറക്കെട്ടി സംരക്ഷിച്ച് നിലനിർത്തിരിക്കുന്നു. പക്ഷേ ഈ ക്ഷേത്രത്തിന്റെ ആദ്യ കാഴ്ചയിൽത്തന്നെ വളരെ വ്യത്യസ്തമായൊരു ആൽമരകാഴ്ച നമുക്ക് കണ്ണിന് വിസ്മയം പകരും.
ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് മുകളിൽ ഏതോ ഒരു പക്ഷി കൊണ്ടിട്ട ഒരു അരയാലിന്റെ വിത്തുമുളച്ച് ക്ഷേത്രത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും കാണാൻ പോലും പറ്റാത്ത വിധത്തിൽ വളർന്നു നിൽക്കുന്ന സ്ഥിതിയാണ്. ഒരല്പം പോലും മണ്ണ് കിട്ടാത്തതിനാൽ ആൽമരത്തിന്റെ വേരുകൾ ശിവക്ഷേത്രത്തിന്റെ ഭിത്തിയിലെ ഇഷ്ടികകൾ വിഴുങ്ങി എന്ന് തോന്നിപ്പോവും. കാലങ്ങൾ ഒരുപാട് മനുഷ്യ സ്പർശം ഏൽക്കാതെ കിടന്ന കാരണമാകാം ക്ഷേത്രത്തിന് പ്രകൃതിയുടെ ഇത്തരമൊരു അവകാശം ഉണ്ടായത്. ഇവിടെ ആരാധനയും പരിപാലനവും എല്ലാം പ്രകൃതി തന്നെയാണ് ചെയ്യുന്നത്. ഭീമാകാരമായ വളർച്ച ഇന്ന് ഈ വൃക്ഷത്തിന് ക്ഷേത്രത്തെ തകർത്തുകളയാൻ പോലുമുള്ള കരുത്ത് നൽകി എന്ന് പറയുന്നത് ആണ് സത്യം.
പാലക്കാടിന്റെ കാർഷിക പാരമ്പര്യത്തെ മത വിശ്വാസങ്ങളുമായി കോർത്തിണക്കിയാണ് ഓരോ പാടശേഖരത്തിലും കൊയ്തുകഴിഞ്ഞാൽ പൂരങ്ങളും വേലയും നടന്നു വരുന്നത്. ഇന്ന് നമ്മൾ കാണുന്ന മിക്കവാറും എല്ലാ മഹാ ക്ഷേത്രങ്ങളും പണ്ട് ഇത്തരത്തിൽ നില നിന്നതുതന്നെയാണ്. പാലക്കാടിന്റെ മുഖ്യധാരയിൽ എവിടെയും മുളന്തറയിലെ ഈ സ്വയംഭൂ ശിവക്ഷേത്രം ഇന്ന് കാണാൻ സാധിക്കില്ല. പൂരമോ വേലയോ ഇല്ല. നിത്യം തിരിവെക്കാൻ പോലും സാഹചര്യങ്ങൾ ഇല്ല. പക്ഷേ പണ്ടൊരു കാലത്തെ അതി പ്രതാപത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈ ക്ഷേത്രത്തെ ഇന്നും നില നിർത്തുന്നുണ്ട്.
മനുഷ്യൻ ഇടപെടാനുള്ള ചെറിയ സാധ്യതകൾ പോലും നിഷേധിച്ചു കൊണ്ട് ഈ സ്വയംഭൂ ശിവക്ഷേത്രത്തിന്റെ മേൽനോട്ടവും നടത്തിപ്പും പ്രകൃതി ആണ് നടത്തുന്നത്. കാവുകൾ ക്ഷേത്രങ്ങളായി മാറ്റുന്ന കാഴ്ചകൾ നാട്ടിൽ ധാരാളം കാണാമെങ്കിലും ക്ഷേത്രത്തെ പ്രകൃതി കയ്യേറ്റം ചെയ്ത് കാവാക്കി മാറ്റുന്ന കാഴ്ച ആദ്യം ആയിരിക്കും. പുനരുദ്ധാരണത്തിനോ വികസനത്തിനോ ഒരു പ്രസക്തിയും ഇല്ല ഈ ശിവക്ഷേത്രത്തിനി എന്നത് ഒരു വേദനിപ്പിക്കുന്ന സത്യം ആണ്. ഗായത്രിപ്പുഴക്ക് ഇനിയും അറബിക്കടലിനെ ലക്ഷ്യംവെച്ച് ഒഴുകിയെ മതിയാകു . പാലക്കാടിന്റെ ചൂടിനെ പ്രതിരോധിച്ചു ഈ ആൽമരത്തിന് പിടിച്ചുനിൽക്കാൻ ആവോളം കാരണങ്ങളുണ്ട്. ഇതിന്റെ ഭാവി പ്രവചിക്കാൻ പോലും യാത്രികർക്ക് അറിയില്ല.
Story Highlights ; mulanthara swambhoo temple