Kerala

‘അന്നേ ദിവസം നിവിന്‍ എന്റെ ഒപ്പമായിരുന്നു, തെളിവുണ്ട്’: വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിക്കെതിരായ പീഡന പരാതി വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വിനീതിന്റെ പ്രതികരണം.

‘എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളി. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.