തിരുവനന്തപുരം: പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയെ സിനിമാ കോൺക്ലേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. മുകേഷിനെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.
മഞ്ജു വാര്യര്‍, സംവിധായകന് ബി. ഉണ്ണികൃഷ്ണന്, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ബി.ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബു രംഗത്തെത്തിയിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്.
വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനില്‍ ഉള്ളത്. ഡബ്ള്യു.സി.സി. പങ്കെടുക്കില്ലെന്നാണ് വിവരം. സഹകരിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.