Crime

കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്നാരോപിച്ച് 19 കാരിക്ക് ക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്

കൊല്ലം: കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്നാരോപിച്ച് 19 കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. ചവറ പൊലീസാണ് കേസെടുത്തത്. ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്ക് എതിരായ അതിക്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.

കൊല്ലം നീണ്ടകര നീലേശ്വരംതോപ്പ് സ്വദേശി അലീനയ്ക്കാണ് മർദ്ദനമേറ്റത്. പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനിതാകമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി. യുവതിയുടെ ഭര്‍ത്താവ് മഹേഷ്, സഹോദരന്‍ മുകേഷ്, മാതാപിതാക്കളായ മുരളി, ലത എന്നിവര്‍ക്ക് എതിരെയാണ് കേസ്.

പ്രസവം കഴിഞ്ഞ് 27 ആം ദിവസമാണ് 19 കാരിയായ അലീനയ്ക്ക് ഈ വിധം മർദ്ധനം ഏൽക്കേണ്ടി വന്നത്. ഭർത്താവ് മഹേഷിന്റെ നേതൃത്വത്തിലാണ് ഭർത്താവിൻ്റെ സഹോദരനും ഭർതൃപിതാവും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മർദ്ധനത്തിൽ ശരീരമാസകലം പരിക്കേറ്റ അലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ ചവറ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നണ് ആരോപണം.

കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.പാലുകൊടുത്തിട്ട് രണ്ടുമണിക്കൂര്‍പോലും ആയില്ലെന്ന് താന്‍ പറഞ്ഞു. അപ്പോഴേക്കും ഭര്‍ത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭര്‍ത്താവിന്റെ അച്ഛനും മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കുടുംബം.

തൻ്റെ പേര് വിളിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്നും തൻ്റെ അമ്മയെ ഭാര്യ ഉപദ്രവിച്ചതിനെ തുടർന്നാണ് മർദ്ധനം ഉണ്ടായതെന്നും മഹേഷ് പറയുന്നു. വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. പോലീസിനോട് റിപ്പോർട്ട് തേടി. പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കുമെന്ന് സാമൂഹിക നീതി വകുപ് മന്ത്രി ആർ ബിന്ദുവും പറഞ്ഞു. കരുനാഗപ്പള്ളി എ സി പി യുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്നാണ് സൂചന.