കോഴിക്കോട്: ബാര്‍ക്കോഴ വിവാദത്തിന്റെ കാലത്ത് നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേരയില്‍ താന്‍ തൊടാന്‍ പാടില്ലായിരുന്നെന്നും അതൊരു അബദ്ധമായിപ്പോയെന്നും മുന്‍ എം.എല്‍.എ. കെ.ടി. ജലീല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നിന് മറുപടിയായാണ് പ്രതികരണം. മനുഷ്യനല്ലേ വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ ആയിരുന്നു അതെന്നും അദ്ദേഹം മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
അസംബ്ലിയില്‍ ഇ.പി. ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പി.എസ്.എം.ഒ. കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളേജില്‍ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കള്‍ വരുമ്പോള്‍ വിദ്യാത്ഥികള്‍ താങ്കളുടെ ചെയ്യര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട്?-എന്ന കമന്റിനായിരുന്നു ജലീലിന്റെ മറുപടി.
അധ്യാപക ദിനത്തിൽ ‘ഗുരുവര്യൻമാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് ജലീൽ ഇക്കാര്യം പറഞ്ഞത്.
‘ഗുരുവര്യൻമാർ നമ്മുടെ വഴികാട്ടികളാണ്. ഒരു ദുരനുഭവവും എനിക്കെന്റെ അധ്യാപകരിൽ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും അവർ നോക്കിയത് എൻ്റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ അവരെനിക്ക് പറഞ്ഞുതന്നതും ചൊല്ലിത്തന്നതും ഹൃദയഭിത്തിയിൽ ഞാൻ കൊത്തിവെച്ചു. അധ്യാപകരുടെ ഇഷ്ടവിദ്യാർത്ഥികളുടെ പട്ടികയിൽ ഇടം നേടാൻ കിട്ടിയ അവസരം മഹാഭാഗ്യമായാണ് അന്നും ഇന്നും കരുതുന്നത്.
അധ്യാപകവൃത്തിയെ ഞാൻ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രിയപ്പെട്ട ഗുരുനാഥൻമാരിലൂടെയാണ്. ചെറുപ്പത്തിൽ വികൃതികൾ കാണിച്ചതിന്റെ പേരിൽ അടി കിട്ടിയിട്ടുണ്ട്. ഹോംവർക്ക് തെറ്റിച്ചതിന്റെ പേരിൽ അധ്യാപകർ വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ ശിക്ഷകളിലെല്ലാം സ്നേഹത്തിന്റെ ഒരു തലോടൽ ഉണ്ടായിരുന്നു. പ്രാർഥനയുടെ സംഗീതം തുടിച്ചു നിന്നിരുന്നു. സാരോപദേശത്തിന്റെ മർമ്മരം അലയടിച്ചിരുന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ പ്രാർഥനകൾ, അശംസകൾ’ എന്നായിരുന്നു ജലീലിന്റെ പോസ്റ്റ്.
ഇതിന് കീഴിലാണ് ഫസൽ ഷുക്കൂർ എന്നയാൾ നിയമസഭയിലെ കൈയാങ്കളിയെ കുറിച്ച് ചോദ്യമുന്നയിച്ചത്. ‘അസംബ്ലിയിൽ ഇ.പി. ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയർ വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ പി.എസ്.എം.ഒ കോളജിൽ പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നു. കോളജിൽ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാഥികൾ താങ്കളുടെ ചെയർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട്?’ എന്നായിരുന്നു ചോദ്യം. ‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’ എന്നാണ് ഇതിന് ജലീലിന്റെ മറുപടി.
ബാര്‍ക്കോഴ വിവാദവേളയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. നിയമസഭയില്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ചെയര്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയായിരുന്നു.