തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെയും കേസിൽ പ്രതി ചേർത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും പൊലീസ് കേസെടുത്തു.
പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവാണം തടസപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്. പ്രതിഷേധത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് എഫ്ഐആർ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷത്തിനാണ് വഴിവെച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരുക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കുകയാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അബിൻ വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പരിക്കേറ്റിട്ടും അബിൻ വർക്കി ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതെ പ്രതിഷേധിക്കുകയായിരുന്നു. ആക്രമിച്ച കൻ്റോൺമെൻ്റ് എസ്ഐ ജിജുവിനെ സ്ഥലത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സംഘർഷ സ്ഥലത്തെത്തി, അബിൻ വർക്കിയെ അനുനയിപ്പിച്ചതോടെയാണ് അബിൻ ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കിയത്.
പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു.