ബുദ്ഗാം: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല രണ്ടാമത്തെ മണ്ഡലമായ ബുദ്ഗാമിലും നാമനിർദേശപത്രിക സമർപ്പിച്ചു. ഗന്ദർബാൽ മണ്ഡലമാണ് ഉമർ അബ്ദുല്ല മൽസരിക്കുന്ന മറ്റൊരു മണ്ഡലം.
രണ്ട് സീറ്റിൽ മത്സരിക്കുന്നത് ദൗർബല്യമല്ലെന്നും നാഷനൽ കോൺഫറൻസിന്റെ ശക്തിയുടെ തെളിവാണെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി. ബാരാമുല്ലയായാലും അനന്ത്നാഗായാലും ശ്രീനഗറായാലും നാഷണൽ കോൺഫറൻസിന് അനുകൂലമാണ്. കഴിഞ്ഞ ആറു വർഷത്തെ ദുർഭരണത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതെല്ലാം അന്വേഷിക്കുമെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.