Celebrities

‘ഇത് മോള് വരച്ചതാണല്ലേ?’കുട്ടി ആരാധികയുടെ ആഗ്രഹം നിറവേറ്റി മോഹന്‍ലാല്‍-Mohanlal, fan girl

കൂടിക്കാഴ്ചയില്‍ രണ്ട് ചിത്രങ്ങള്‍ സന്ധ്യ മോഹന്‍ലാലിന് സമ്മാനിച്ചു

കൗതുകം ഉണര്‍ത്തുന്നതും സന്തോഷപരവുമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു കുട്ടി ആരാധികയുടെ ആഗ്രഹം നിറവേറ്റി കൊടുക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ജന്മനാ ഇരു കൈകാലുകളും ഇല്ലാതെ ജനിച്ച പാച്ചല്ലൂര്‍ സ്വദേശിയായ സന്ധ്യയുടെ ഏറെനാളത്തെ ആഗ്രഹമാണ് ഇന്ന് സഫലമായത്.

മോഹന്‍ലാലിന്റെ ചിത്രം വരച്ച് വെച്ച് ഏറെ നാളായി സന്ധ്യ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ അതിന്റെ വാര്‍ത്ത മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത കണ്ടിട്ട് മോഹന്‍ലാല്‍ സന്ധ്യയെ വിളിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വരുമ്പോള്‍ നേരിട്ട് കാണാം എന്ന് അദ്ദേഹം വാക്കും നല്‍കിയിരുന്നു. ഇപ്പോള്‍ ഇതാ സന്ധ്യ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ഇന്ന് നേരില്‍ കണ്ടു.

കൂടിക്കാഴ്ചയില്‍ രണ്ട് ചിത്രങ്ങള്‍ സന്ധ്യ മോഹന്‍ലാലിന് സമ്മാനിച്ചു. ഒന്ന് ഏറെക്കാലമായി മോഹന്‍ലാലിന് നല്‍കാന്‍ സന്ധ്യ കാത്തുവച്ചിരുന്ന ഒരു ചിത്രവും മറ്റൊന്ന് ലാലേട്ടന്റെ ഒരു പുതിയ ചിത്രവും. സന്ധ്യയെ കാണുവാനായി മോഹന്‍ലാല്‍ എത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മോള്‍ വരച്ചതാണ് അല്ലേ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ സന്ധ്യയോട് ചോദിക്കുന്നത്. ഒരു ചിത്രം താന്‍ പെട്ടെന്ന് വരച്ചതാണെന്നും അത് എത്രത്തോളം ശരിയാണെന്ന് അറിയില്ലെന്നും പറയുന്ന സന്ധ്യയോട് എല്ലാം ശരിയാകും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ജന്മനാ വൈകല്യത്തോടെയാണ് ജനിച്ചത് എങ്കിലും സന്ധ്യയുടെ മനസ്സില്‍ അങ്ങനെയുള്ള യാതൊരു ചിന്തകളും ഇല്ലായിരുന്നു. എല്ലാവരെയും പോലെ ജീവിക്കണം, ഇതൊന്നും ഒരു വൈകല്യമല്ല, തനിക്ക് കിട്ടിയിരിക്കുന്ന ഒരു എക്‌സ്ട്രാ കഴിവാണ് എന്ന് കാണിക്കുന്നതിന് വേണ്ടി വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് സന്ധ്യ പലകാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സന്ധ്യ പഠിക്കുകയും ചെയ്യുന്നുണ്ട്. സന്ധ്യയുടെ ഇടത് കൈയുടെ പകുതി മാത്രമാണ് വളര്‍ന്നിരിക്കുന്നത്. ആ കൈയുടെ മുട്ടിന്റെ ഇടയില്‍ പെന്‍സില്‍ വെച്ചാണ് സന്ധ്യ ചിത്രങ്ങള്‍ വരയ്ക്കുന്നത്.

STORY HIGHLIGHTS: Mohanlal mets his fan girl