പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്തു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. ഇഡ്ഡലി എന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർബോട്ടിൽ കൊണ്ട് ആക്രമിച്ചത്.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽകാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തില്ല. എന്നാൽ, ഇന്ന് രാത്രിയോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഐഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാർട്ടിയിൽ ചേർന്നവരിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നത് സിപിഐഎമ്മിന് തിരിച്ചടിയായിരുന്നു.
തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അതുപേക്ഷിച്ചാണ് സി.പി.എമ്മിന്റെ ഭാഗമായതെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അംഗത്വം നൽകിയ ചടങ്ങിൽ മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ന്യായീകരണവുമായി എത്തിയിരുന്നു. കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിച്ചത്.