കൊച്ചി: ഓൺലൈൻ ടാക്സി കമ്യൂണിറ്റി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡ്രൈവർമാർ ഇന്നു നടത്തുന്ന സംസ്ഥാന പണിമുടക്കിന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (ഒടിഡിയു) പിന്തുണ അറിയിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ നടത്തുന്ന തൊഴിൽ ചൂഷണവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.
ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് എതിരെയുള്ള അക്രമങ്ങളെ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രോത്സാഹിപ്പിക്കരുത്. ഡ്രൈവർമാർക്കു മിനിമം വേതനം ഉറപ്പാക്കുക, ട്രിപ്പുകൾക്ക് ആനുപാതികമായി മാത്രം പുതിയ കാറുകൾ അറ്റാച്ച് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ‘വർക്മെൻ’ ആയി പരിഗണിച്ചു തൊഴിൽ ആനുകൂല്യങ്ങൾ നൽകണമെന്നുള്ള സംഘടനയുടെ ആവശ്യം തൃശൂർ ലേബർ കോടതിയുടെ പരിഗണനയിലാണെന്നു ജില്ലാ പ്രസിഡന്റ് കെ.ടി. സാഹീർ, സെക്രട്ടറി ജിജോ സക്കറിയ എന്നിവർ അറിയിച്ചു.