കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ റെഡ് ആർമി. പി.വി. അൻവറിനെ പിന്തുണച്ചും ശശിയെ വിമർശിച്ചുമാണ് റെഡ് ആർമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആർമി വിമർശിച്ചു.
\ശശിയെ പോലുള്ള വർഗ വഞ്ചകരെ പാർട്ടിയിൽ പോലും വച്ചു പൊറുപ്പിക്കരുതെന്നാണ് വിമർശനം. ഇത്തരം പുഴുക്കുത്തുകളെ പാർട്ടി സമ്മേളനങ്ങൾ തുറന്നുകാട്ടണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി അംഗത്വം പോലുമില്ലാത്ത അൻവർ വിപ്ലവ മാതൃകയാണെന്നും റെഡ് ആർമി പ്രശംസിക്കുന്നു. പി. ജയരാജനെ പിന്തുണയ്ക്കുന്ന ഫെയ്സ്ബുക്ക് പേജാണിത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സഖാവ് പി.വി. അൻവർ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജവമുള്ള തീരുമാനം കൈക്കൊള്ളും എന്ന് തന്നെയാണ് ഉറച്ചവിവിശ്വാസം. ശശിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിൽ പറയുന്നത്. ഈ കാലമത്രയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ശ്രമിച്ചു, എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ പൊലീസ് സ്റ്റേഷനുകളിൽ പോലീസ് തല്ലി ചതക്കുന്നതിനു കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുന്നതിനും സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു, സ്വർണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രിമിനൽ ചെയ്തികൾക്ക് മൗനാനുവാദം നൽകി എന്നിങ്ങനെയാണ് ആരോപണങ്ങൾ.
ഒരുപാട് കർഷകരുടെ പോരാട്ടത്തിന്റെ വിയർപ്പിന്റെ ഗന്ധമാണ് പാർട്ടി. തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുകൂടെ പരിശോധിക്കേണ്ടതുണ്ട്. തിരുത്തേണ്ടവ തിരുത്തി മുന്നേറണം. പാർട്ടി മെംബർഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി.വി. അൻവർ ഒരു വിപ്ലവ മാതൃകയാണ്. ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടത് പ്രാദേശികമായി പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെ കുറിച്ചാണെന്നും റെഡ് ആർമി പറയുന്നു.