പീരുമേട്: വീട്ടിൽ ടിവി വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ സഹോദരനും അമ്മയും അറസ്റ്റിൽ. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28), അമ്മ തുളസി (56) എന്നിവരാണ് അറസ്റ്റിലായത്.
അഖിലും അജിത്തും തമ്മിൽ കലഹം പതിവായിരുന്നെന്നും ചൊവ്വാഴ്ച രാത്രി ടിവി കാണുന്നതിനിടെ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ബഹളത്തിനിടെ തടസ്സം പിടിക്കാനെത്തിയ തുളസിയെ അഖിൽ തള്ളിയിട്ടു. പ്രകോപിതനായ അജിത്ത് കമ്പിവടി കൊണ്ട് അടിച്ച് അഖിലിനെ വീഴ്ത്തിയെന്നു പൊലീസ് പറഞ്ഞു. ബോധരഹിതനായ അഖിലിനെ വലിച്ചുകൊണ്ടുവന്നു വീട്ടുപരിസരത്തെ കമുകിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. കഴുത്തിൽ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയും ചെയ്തതായും അജിത്ത് പൊലീസിനോടു വെളിപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ചില ബന്ധുക്കളെ വിളിച്ച് ‘അഖിൽ പടമായതായി’ അജിത്ത് പറഞ്ഞതും പൊലീസ് കണ്ടെത്തി. ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ അഖിൽ മരിച്ചുകിടക്കുന്നതാണു കണ്ടത്.
ഈ സമയം അജിത്തും തുളസിയും കുളിക്കുകയായിരുന്നു എന്ന അയൽവാസികളുടെ മൊഴി കേസ് തെളിയിക്കുന്നതിനു നിർണായകമായി. തുളസി കുറ്റകൃത്യത്തിനു കൂട്ടുനിന്നെന്നും മറച്ചുവച്ചെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി വിശാൽ ജോൺസൺ എസ്എച്ച്ഒ ഗോപി ചന്ദ്രൻ, എസ്ഐ ജെഫി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.