കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്‌പെയ്‌നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അര്‍ജന്റീന ആരാധക വൃന്ദത്തെ എല്ലായിപ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി AFA പറഞ്ഞു. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചര്‍ച്ചയായി. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കുന്നതിന് താല്പര്യം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് AFA ഫുട്‌ബോള്‍ അക്കാദമികള്‍ കേരളത്തില്‍ സ്ഥാപിക്കാനും താല്പര്യം അറിയിച്ചു. എ.എഫ്.എയുമായുള്ള സഹകരണം കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും ഇക്കാര്യം അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി വി അബ്ദു റഹിമാന്‍ വ്യക്തമാക്കി. മന്ത്രി വി അബ്ദുറഹിമാനും സംഘവും മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. സ്‌പെയിന്‍ ഹയര്‍ സ്‌പോട്‌സ് കൗണ്‍സിലുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പങ്കാളിത്തം ചര്‍ച്ച ചെയ്തു. മാഡ്രിഡിലെ
ഹൈ പെര്‍ഫോമന്‍സ് സെന്ററുകളും സംഘം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും കായികരംഗത്തെ ഉന്നതിയോടൊപ്പം കായിക അനുബന്ധ സോഫ്റ്റ് സ്‌കില്‍ വികസനവും ഇങ്ങനെ വൈദഗ്ധ്യം നേടുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതും ചര്‍ച്ചയില്‍ ഗൗരവമുള്ള കാര്യങ്ങളായി ഉയര്‍ന്നുവന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തി. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, കായിക ഡയറക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
CONTENT HIGHLIGHTS; The Minister of Sports held a discussion with the Argentine Football Association