സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരത്തിന് അര്‍ഹമായി. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യവകുപ്പ്.
കണ്ണൂര്‍ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93ശതമാനം സ്‌കോറും, തൃശ്ശൂര്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയത്.
ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 118 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതല്‍ സഹായിക്കും.
CONTENT HIGHLIGHTS; Five hospitals in Kerala get national quality recognition