Travel

പ്രകൃതി ഇത്രയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ടോ? ഏത് കാലാവസ്ഥയിലും ഇവിടം ജല സമൃദ്ധമാണ്

പ്രകൃതി സ്‌നേഹികളും വിനോദസഞ്ചാരികളും തീര്‍ച്ചയായും പോയിരിക്കേണ്ട വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണിത്

നിരപ്പായ പ്രദേശത്തിലൂടെ ഒഴുകുന്ന നദി, കുന്നിന്‍പ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിലെത്തുമ്പോള്‍ കുത്തനെ താഴോട്ട് പതിക്കുന്നു. നദീജലത്തിന്റെ ഈ ഒഴുക്കിനെയാണ് വെള്ളച്ചാട്ടം എന്ന് പറയുന്നത്. സഞ്ചാരികള്‍ക്കിടയില്‍ വെളളച്ചാട്ട പ്രേമികള്‍ ഏറെയാണ്. കേരളത്തില്‍ നിരവധി വെളളച്ചാട്ടങ്ങളാണ് കാണാന്‍ സാധിക്കുക. അതില്‍ പ്രകൃതി സ്‌നേഹികളും വിനോദസഞ്ചാരികളും തീര്‍ച്ചയായും പോയിരിക്കേണ്ട വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം ആണ് കോട്ടയം ജില്ലയിലെ കട്ടിക്കയം. പാറക്കെട്ടിനു മുകളില്‍ നിന്നും താഴേക്ക് വെള്ളം പതഞ്ഞൊഴുകുന്നത് പോലെയാണ് ഇവിടെ നിന്നുള്ള കാഴ്ച.വെള്ളം താഴേക്ക് പതിക്കുമ്പോള്‍ സമീപത്തുള്ള പാറകളില്‍ ചെന്ന് ഇരുന്നു കഴിഞ്ഞാല്‍ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ട് വെള്ളത്തിന്റെ തൂവാനം ഒക്കെ ഏറ്റ് പ്രകൃതിയുടെ അടിത്തട്ടില്‍ എത്തിയത് പോലെ തോന്നും. പ്രകൃതി ഇത്രയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ടോ എന്ന് തോന്നിപ്പോകും ഒരുപക്ഷേ ഇവിടെ എത്തിയാല്‍. അത്ര മനോഹരമാണ് ഇവിടെ നിന്നുമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് കാണാന്‍. ഈ വെള്ളച്ചാട്ടത്തിന് താഴെക്കാണുന്ന തടാകമാണ് കട്ടിക്കയത്തെ പ്രധാന ആകര്‍ഷണം.

എന്നാല്‍ ഇവിടുത്തെ മനോഹാരിത ആസ്വദിക്കാന്‍ ഏറെ ഉണ്ടെങ്കിലും ഇവിടെയുള്ള യാത്രയും ഇവിടെ എത്തിയതിനുശേഷം ഉള്ള നടത്തവും ഒന്നും അത്ര സുരക്ഷിതമല്ലെന്ന് വേണമെങ്കില്‍ പറയാം. അതായത് തടാകത്തിന് അടിയിലെ പാറയുടെ വിടവുകള്‍ അപകടത്തിന് കാരണമാകാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം ഇവിടെ എത്തിക്കഴിഞ്ഞാല്‍ വെള്ളച്ചാട്ടം ആസ്വദിക്കാന്‍. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ മാറി ഇല്ലിക്കകല്ലിന് സമീപമാണ് കട്ടിക്കയം വെള്ളച്ചാട്ടം. ഇടതൂര്‍ന്ന മരങ്ങളും കുന്നിന്‍ ചെരുവുകളും ഒക്കെ കടന്നുവേണം ഈ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍.എല്ലാ കാലാവസ്ഥയിലും കട്ടിക്കയം വെളളച്ചാട്ടം ജല സമൃദ്ധമാണ്. എന്നാല്‍ മണ്‍സൂണ്‍ സമയങ്ങളില്‍ വലിയ ഒഴിക്കാണ് ഇവിടെ അനുഭവപ്പെടാറ്. സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് കട്ടിക്കയം വെളളച്ചാട്ടം തീര്‍ച്ചയായും വളരെ നല്ലൊരു ഓപ്ഷനാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് മൂന്നിലവു വഴി ഇല്ലിക്കകല്ലിലേക്ക് പോകുന്ന വഴി പഴുക്കാക്കാനത്തു നിന്ന് കട്ടിക്കയത്ത് എത്താം. തൊടുപുഴയില്‍ നിന്നാണ് വരുന്നതെങ്കില്‍ മേലുകാവിനടുത്ത് കാഞ്ഞിരം കവലയില്‍ നിന്ന് ഇല്ലിക്കല്‍കല്ല് റോഡിലൂടെയും പഴുക്കാക്കാനത്ത് എത്താം.

STORY HIGHLIGHTS:  Kattikkayam Waterfalls