Thiruvananthapuram

നാല് ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്ക് 81 ലക്ഷം രൂപ കുടിശിക വിതരണം ചെയ്തു: സ്പര്‍ശ് ഔട്ട്റീച്ച് പ്രോഗ്രാം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്പര്‍ശ് ഔട്ട്‌റീച്ച് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നാല് പെന്‍ഷന്‍കാര്‍ക്ക് 81 ലക്ഷം രൂപ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഗുണഭോക്താവ്, 1971ല്‍ ഓപ്പറേഷന്‍ കാക്ടസ് ലില്ലിയില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ യു.ആര്‍.ദാസിന്റെ അമ്മ പരേതയായ ലീലാ മാരാരുടെ നോമിനിയാണ്. പരേതയായ ലീലമാരാരുടെ കുടുംബ പെന്‍ഷന്റെ ആജീവനാന്ത കുടിശ്ശികയായ 69.85 ലക്ഷം രൂപ അവകാശിക്ക് നല്‍കി.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഡിഫന്‍സ് പെന്‍ഷന്‍കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരൊറ്റ പ്ലാറ്റ്‌ഫോമായ സ്പര്‍ശ് പദ്ധതിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു. സ്പര്‍ശ് ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുന്നതിന് ചെന്നൈയിലെ സിഡിഎ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് ആയ ജയശീലനും സംഘവും നടത്തുന്ന ശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ചെന്നൈയിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍ ടി.ജയശീലന്‍, തിരുവനന്തപുരം സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എംപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും നിന്ന് ഏകദേശം 1000 ഓളം വിമുക്തഭടന്മാരും റിട്ടയേര്‍ഡ് ഡിഫന്‍സ് സിവിലിയന്‍മാരും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്പര്‍ശ്, ബാങ്ക്, ആധാര്‍, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എന്നിവയുടെ സ്റ്റാളുകളും സ്ഥാപിച്ചിരുന്നു. കൂടാതെ, സ്പര്‍ഷ് പെന്‍ഷന്‍കാരില്‍ നിന്നുള്ള പരാതികള്‍ ആവശ്യമായ പരിഹാര നടപടികള്‍ക്കായി സിഡിഎ ചെന്നൈ ടീം ശേഖരിച്ചിട്ടുണ്ട്.

പൈതൃക സമ്പ്രദായത്തില്‍ നിന്ന് പുതിയ സ്പര്‍ഷ് സംവിധാനത്തിലേക്ക് പെന്‍ഷന്‍ മാറിയതിന്റെ ഫലമായി പെന്‍ഷന്‍കാര്‍ക്ക് ഈ പ്രോഗ്രാം വളരെ ഉപയോഗപ്രദമായിരുന്നു. ആകെയുള്ള 33 ലക്ഷം പ്രതിരോധ പെന്‍ഷന്‍കാരില്‍ 30 ലക്ഷം പേരും ഇതിനകം സ്പര്‍ശ് പദ്ധതിയിലോട്ട് മാറിക്കഴിഞ്ഞു. പ്രതിരോധ മന്ത്രാലയം എല്ലാ പ്രതിരോധ/ സിവിലിയന്‍ പെന്‍ഷന്‍കാര്‍ക്കും ‘ഒരു പരിഹാരം’ എന്ന നിലയില്‍ സമഗ്രമായ ഒരു പാക്കേജ് ‘സ്പര്‍ശ്’ [സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (രക്ഷ)] നടപ്പിലാക്കിയത്.

തെക്കന്‍ മേഖലകളിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനും കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുന്നതിനുമുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് ചെന്നൈയിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍. എസ്ബിഐ, റെക്കോര്‍ഡ് ഓഫീസ്, സൈനിക് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

CONTENT HIGHLIGHTS; Rs 81 lakh dues disbursed to four defense pensioners: Governor inaugurates Sparsh Outreach Program

Latest News