സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1700 കോടി ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവില്‍ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും.
മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. അനുവദിച്ച രണ്ടു ഗഡുവില്‍ ഒരെണ്ണം കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെന്‍ഷന്‍ കുടിശിക ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നല്‍കാനുള്ള സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പായത്.
പെന്‍ഷന്‍ വിതരണത്തിന് പ്രഥമ മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസത്തെ പെന്‍ഷന്‍ ഓണം പ്രമാണിച്ച് നേരത്തെ നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു.
CONTENT HIGHLIGHTS;Govt’s Ona gift: Two-month welfare pension: Beneficiaries to start receiving from Wednesday