വര്‍ത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുകയും അതില്‍ വലിയ ചര്‍ച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകള്‍ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
എന്നാല്‍ ഇന്ന് മുതല്‍ ഒരു വാര്‍ത്താ ചാനല്‍ ‘പോലീസ് ഓഫീസര്‍മാരുടെ ബലാത്സംഗ പരമ്പര’ എന്ന വാര്‍ത്ത നല്‍കുന്നത് കാണാനിടയായി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. ഒരു പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോള്‍ Dysp പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോള്‍ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആര്‍ക്കും അസ്വാഭാവികത ബോധ്യപ്പെടും.
എന്നിട്ടും അത് വാര്‍ത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ഒരു വ്യാജവാര്‍ത്ത മാത്രമാണ് ഇതെങ്കില്‍, ഈ വാര്‍ത്ത മൂലം സമൂഹത്തില്‍ ഒറ്റപ്പെടുന്ന, ഇതില്‍ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും?. ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവര്‍ക്കൊപ്പം കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാകും എന്ന് കൂടി അറിയിക്കട്ടെ.
CONTENT HIGHLIGHTS; Police officers can proceed with legal action against fake news: Kerala Police Officers Association State Committee