യു.എ.ഇയിലെ ലേബർ ക്യാമ്പുകളിൽ തൊഴിൽമന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധന കർശനമാക്കി. മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ സ്ഥാപനങ്ങൾക്ക് മന്ത്രാലയം പിഴയിട്ടു. തൊഴിലാളികൾക്കായി താമസസ്ഥലത്ത് ഒരുക്കിയ സൗകര്യങ്ങളിലെ വീഴ്ചയാണ് മന്ത്രാലയം കണ്ടെത്തിയത്.
എയർ കണ്ടീഷൻറെയും വെൻറിലേഷൻറെയും അപര്യാപ്തത, തീപ്പിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ എന്നിവ മന്ത്രാലയം കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത ചില കമ്പനികൾക്ക് മുന്നറിയിപ്പു നൽകി. ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസ സ്ഥലമൊരുക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് ഒരു മാസം വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ ലേബർ ക്യാമ്പുകളിലായി ഏതാണ്ട് 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിൻറെ കണക്ക്. ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റർ സ്ഥലം ലേബർക്യാമ്പിൽ അനുവദിച്ചിരിക്കണം. ശുചീകരണം, തണുത്ത വെള്ളം, ബെഡ്‌റൂമുകൾ, വാഷ്‌റൂം ഉപകരണങ്ങൾ എന്നിവ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.