എട്ട് ലക്ഷം പ്രവാസികളും 1,75,000 കുവൈത്തികളും ബയോമെട്രിക്സ് പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്ന് കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ പേഴ്‌സണാലിറ്റി ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി പറഞ്ഞു. ഏകദേശം എട്ട് ലക്ഷം കുവൈത്ത് പൗരന്മാരും 1,860,000 പ്രവാസികളും ഇതിനകം ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബയോമെട്രിക്സുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെയും കിടപ്പിലായ വ്യക്തികളുടെയും 1,000 കേസുകൾ കൈകാര്യം ചെയ്തതായി അൽമുതൈരി പറഞ്ഞു. കിടപ്പിലായ വ്യക്തികൾ, പ്രത്യേക അവശതയുള്ളവർ, ബന്ധപ്പെട്ട വകുപ്പുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള ആശുപത്രി രോഗികൾ എന്നിവരിൽ നിന്ന് വിരലടയാളം എടുക്കാൻ ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ 11 പ്രത്യേക ഉപകരണങ്ങൾ വാങ്ങിയതായി അൽ അഖ്ബർ ടിവി ചാനലിലെ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്നും പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയമുണ്ടെന്നും അൽ മുതൈരി ഓർമ്മിപ്പിച്ചു. നിശ്ചിത സമയത്തിനുള്ളിൽ വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.