UAE

ബുർജ് ഖലീഫക്ക് പിന്നാലെ ബുർജ് അസീസിയും; ദുബൈയിൽ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടം കൂടി എത്തുന്നു

725 മീറ്ററാണ് 'ബുർജ് അസീസി' എന്ന പേരിൽ വരുന്ന പുതിയ കെട്ടിടത്തിൻ്റെ ഉയരം

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമുള്ള ദുബൈയിൽ, ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടം കൂടി എത്തുന്നു. ബുർജ് അസീസി എന്ന പേരിലാണ് പുതിയ കെട്ടിടം പ്രഖ്യാപിച്ചത്. 725 മീറ്ററായിരിക്കും ഇതിന്റെ ഉയരം. 830 മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫ തലഉയർത്തി നിൽക്കുന്ന ദുബൈ ശൈഖ് സായിദ് റോഡിന് ഓരത്ത് തന്നെയാണ് ഉയരത്തിൽ രണ്ടാമനായ ബുർജ് അസീസി എത്തുക. 131 നിലകളുണ്ടാകും.

പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അസിസി ഡവലപ്മെന്‍റ്സാണ് ബുർജ് അസീസിയുടെ നിർമാതാക്കൾ. ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ലോബി, നിശാ ക്ലബ്, നിരീക്ഷണ ഡെക്ക് തുടങ്ങിയ അനവധി ലോക റെക്കോർഡുകൾ കൂടി ബുർജ് അസീസി ലക്ഷ്യമിടുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ ഇതിന്റെ നിർമാണം ആരംഭിക്കും. 2028ഓടെ പൂർത്തിയാക്കും. കോലാലംപൂരിലെ മെർഡേക്ക 118 ആണ് നിലവിൽ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടം. 679 മീറ്ററാണ് ഇതിന്‍റെ ഉയരം.