വാഗമണ്‍ മലനിരകള്‍ക്ക് സമാന്തരമായി ഉയര്‍ന്നു നില്‍ക്കുന്ന മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന പ്രദേശമാണ് മുതുകോരമല. കോട്ടയത്തിന്റെ മീശപ്പുലിമല എന്ന പേരിലാണ് ഈ സ്ഥലം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 3 കിലോമീറ്ററോളം ഓഫ് റോഡ് യാത്ര ചെയ്തു വേണം ഈ സ്ഥലത്തേക്ക് എത്താന്‍. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയില്‍ നിന്ന് മലകയറി വേണം മുകളില്‍ എത്താന്‍.കോത പുല്ലും പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞ പ്രദേശമാണ് മുതുകോരമല. ഇവിടെ നിന്നു കഴിഞ്ഞാല്‍ നാല് ജില്ലകളുടെ ആകാശദൃശ്യം വ്യക്തമായി കാണാം. മുതുകോരമല മിക്ക സമയങ്ങളിലും കോടമഞ്ഞ് പുതച്ചാണ് നില്‍ക്കുന്നത്. കോടമഞ്ഞിലൂടെ കാണുന്ന കാഴ്ചകള്‍ കണ്ണിനു കുളിര്‍മയേകുന്നതാണ്. നഗരതിരക്കുകളില്‍ നിന്നും മാറി ഒരല്‍പനേരം വിശ്രമിച്ച് ശാന്തമായി ഇരിക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷനാണ് ഇവിടം.
വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ് താഴെകാണുന്നത്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. തേയില തോട്ടങ്ങളും, ഓറഞ്ചു തോട്ടങ്ങളും നിറഞ്ഞ മലയോര കാര്‍ഷിക ഗ്രാമമായ കൈപ്പള്ളിയുടെ നെറുകൈയിലാണ് മുതുകോര മലയുടെ സ്ഥാനം. കേരളത്തിലേക്ക് റബ്ബര്‍ എത്തിച്ച മര്‍ഫി സായിപ്പ് പണി കഴിപ്പിച്ച ബംഗ്ലാവും മുതുകോര മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്.പൂഞ്ഞാര്‍, തെക്കേക്കര, കൂട്ടിക്കല്‍ എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലായി മുതുകോരമല വ്യാപിച്ചുകിടക്കുന്നു. കൈപ്പള്ളി, കുന്നോന്നി, ഏന്തയാര്‍ തുടങ്ങിയ ഇടങ്ങളിലൂടെ മുതുകോര മലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ഒരു സമയത്ത് വിനോദസഞ്ചാരികള്‍ ആരും തന്നെ എത്താതിരുന്ന ഈ പ്രദേശം സോഷ്യല്‍ മീഡിയ വന്നതിനുശേഷം ആണ് ഇത്രയധികം പ്രചാരം ലഭിച്ചുതുടങ്ങിയത്. മുതുകോരമല കോട്ടയം ജില്ലയില്‍ ആയതുകൊണ്ട് തന്നെ കോട്ടയത്തെ അനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ആകും. അതുകൊണ്ടുതന്നെ ഇവിടേക്കുളള യാത്ര നിങ്ങള്‍ക്ക് ഒരു കംപ്ലീറ്റ് ടൂര്‍ പാക്കേജ് ആയിരിക്കും.
STORY HIGHLIGHTS: Muthukora Mala Kottayam